‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’; മലയാളികൾ ഹൃദയത്തോട് ചേർത്ത അനശ്വര ഗായകൻ
വർഷങ്ങൾ പിന്നിട്ടിട്ടും പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു
‘മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ’
1966ൽ പുറത്തിറങ്ങിയ ‘കളിത്തോഴൻ’ സിനിമയിൽ ജി. ദേവരാജന്റെ സംഗീതത്തിൽ പിറന്ന ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ ഗാനത്തോടെ മലയാളത്തിൽ പുതിയൊരു ഗായകൻ പിറക്കുകയായിരുന്നു. ഈ ഗാനമടക്കം ആസ്വാദകർ എന്നും ഓർമയിൽ സൂക്ഷിക്കുന്ന അനശ്വരമായ പതിനായിരക്കണക്കിന് ഗാനങ്ങളാണ് മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രൻ ആലപിച്ചിട്ടുള്ളത്.
ഔപചാരികമായി ശാസ്ത്രീയ സംഗീതം പഠിച്ചില്ലെങ്കിലും ജന്മസിദ്ധി കൊണ്ട് സംഗീതത്തിന്റെ പടവുകൾ ഓരോന്നായി അദ്ദേഹം കീഴടക്കി. കാലാതിവർത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു. അവ ആസ്വാദക മനസ്സുകളിൽ അനുഭൂതികളുടെ വസന്തം തീർത്തുകൊണ്ടിരിക്കുന്നു. ചലച്ചിത്ര ഗാനങ്ങൾക്ക് പുറമെ ലളിത ഗാനങ്ങളിലും അദ്ദേഹം വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്.
കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആദ്യം പുറത്തുവന്നത് കളിത്തോഴനായിരുന്നു. ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജിൽനിന്നാണ് ജയചന്ദ്രൻ ബിരുദം നേടുന്നത്. ഇരിങ്ങാലക്കുടയിലെ നാഷണൽ ഹൈസ്കൂളിൽ വിദ്യാർഥിയായിരുന്ന അദ്ദേഹം അക്കാലത്ത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗ വായന, ലൈറ്റ് മ്യൂസിക് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടി. 1958ലെ സംസ്ഥാന യുവജനമേളയിൽ പങ്കെടുക്കവേ ജയചന്ദ്രൻ തന്റെ സമകാലികനായ യേശുദാസിനെ കണ്ടുമുട്ടുകയും മികച്ച ക്ലാസിക്കൽ ഗായകനുള്ള പുരസ്കാരം യേശുദാസ് നേടിയപ്പോൾ അതേവർഷം മികച്ച മൃദംഗവിദ്വാനുള്ള അവാർഡ് നേടുകയും ചെയ്തു.
ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡുകളും നേടി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം നിരവധി ഗാനങ്ങൾ ആലപിച്ചു.
1967ൽ പി. വേണു സംവിധാനം ചെയ്ത ഉദ്യോഗസ്ഥ എന്ന ചിത്രത്തിനുവേണ്ടി എം.എസ് ബാബുരാജ് സംഗീതം നൽകിയ ‘അനുരാഗ ഗാനം പോലെ’ എന്ന ഗാനം ഏറെ പ്രശസ്തമാണ്. പിന്നീട് പി. വേണുവും ജയചന്ദ്രനും ചേർന്ന് ‘നിൻമണിയറയിലെ’ (സിഐഡി നസീർ, 1971), ‘മലയാള ഭാഷതൻ മാദക ഭംഗി’ (പ്രേതങ്ങളുടെ താഴ്‍വര, 1973) തുടങ്ങിയ കൂടുതൽ ഹിറ്റുകൾ സമ്മാനിച്ചു.
പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച ‘നീലഗിരിയുടെ സഖികളേ, ജ്വാലാ മുഖികളേ’ എന്ന ഗാനത്തിന് 1972ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യമായി ജയചന്ദ്രന് ലഭിച്ചു. എം.എസ് വിശ്വനാഥനായിരുന്നു സംഗീതം നിർവഹിച്ചത്. എം.എസ് വിശ്വനാഥൻ തന്നെയാണ് അദ്ദേഹത്തെ തമിഴിൽ അവതരിപ്പിക്കുന്നതും. 1973ൽ പുറത്തിറങ്ങിയ 'മണിപ്പയൽ' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോൽ...' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ് ഗാനം.
എം.ബി ശ്രീനിവാസൻ സംഗീതം നൽകിയ ബന്ധനം എന്ന ചിത്രത്തിലെ ‘രാഗം ശ്രീരാഗം’ എന്ന ഗാനത്തിലൂടെ 1978ൽ അദ്ദേഹത്തെ വീണ്ടും സംസ്ഥാന അവാർഡ് തേടിയെത്തി. 1985ൽ ജി. ദേവരാജൻ സംഗീതം നൽകിയ ശ്രീ നാരായണ ഗുരു എന്ന ചിത്രത്തിലെ ‘ശിവശങ്കര സർവ്വ ശരണ്യ വിഭോ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
നിറം എന്ന ചിത്രത്തിലെ ‘പ്രായം നമ്മിൽ’ എന്ന ഗാനം 1998ൽ മികച്ച ഗായകനുള്ള മൂന്നാമത്തെ കേരള സംസ്ഥാന പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കി. 2004ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ്, 2015-ൽ ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം..... ജിലേബി, എന്നും എപ്പോഴും, എന്നീ ഗാനങ്ങൾക്കുമായി വീണ്ടും സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു.
തമിഴിലും ഒരുപാട് ഹിറ്റ് പാട്ടുകളാണ് ജയചന്ദ്രന്റെ ശബ്ദത്തിലൂടെ പിറന്നത്. ഇളയരാജയുടെ സംഗീതത്തിലുള്ള ‘രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പോലാട്ത്...’ ഇതിൽ പ്രധാനപ്പെട്ടതാണ്. ‘മയങ്കിനേൻ സൊല്ല തയങ്കിനേൻ’, ‘വാഴ്കയേ വേഷം’, ‘പൂവാ എടുത്തു ഒരു’, ‘താലാട്ടുതേ വാനം’ എന്നിങ്ങനെ നിരവധി ഗാനങ്ങൾ തമിഴിലും അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചു. 1994ൽ എ.ആർ റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന് മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിനും അർഹനായി.
2008ൽ എ.ആർ റഹ്മാൻ സംഗീതം നൽകിയ “ADA ... എ വേ ഓഫ് ലൈഫ്” എന്ന ചിത്രത്തിനായി അൽക യാഗ്നിക്കിനൊപ്പം പാടി ജയചന്ദ്രൻ ആദ്യമായി ഹിന്ദിയിലുമെത്തി. 2001ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേൽ അവാർഡ് നൽകി കേരള സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
Adjust Story Font
16