അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ്.ഐ റെനീഷിന് കോടതിയുടെ വിമർശനം
റെനീഷിനെതിരെ കൂടുതൽ അച്ചടക്ക നടപടി എടുക്കുന്നുണ്ടോ എന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം
എറണാകുളം: ആലത്തൂരിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ എസ് ഐ റെനീഷിന് ഹൈക്കോടതിയുടെ വിമർശനം. കോടതിയലക്ഷ്യകേസിൽ മാപ്പുപറഞ്ഞുള്ള റെനീഷിന്റെ സത്യവാങ്മൂലത്തിൽ ഒന്നുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ മറുപടി നൽകേണ്ടത് ഇങ്ങനെയാണോ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
കോടതിയലക്ഷ്യം നടത്തണമെന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഒന്നും ചെയ്തിട്ടില്ലെങ്കിൽ മാപ്പ് പറയുന്നതെന്തിനെന്ന് ചോദിച്ച കോടതി അധികാര ദുർവിനിയോഗം നടത്തരുതെന്ന മുന്നറിയിപ്പും നൽകി. സംഭവത്തിൽ നിരുപാധികം മാപ്പ് എഴുതി നൽകാൻ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ എസ് ഐ റെനീഷിന് കോടതി അനുമതി നൽകി. റെനീഷിനെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി വിശദീകരണം നൽകണമെന്നും കോടതി പറഞ്ഞു. ഹരജി മാർച്ച് ഒന്നിന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഡിസംബർ എട്ടിനാണ് ആന്ധ്ര രജിസ്ട്രേഷനിലുള്ള ബസ് ഇടിച്ച് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി രതീഷ് മരിച്ചത്. അപകടത്തിന് പിന്നാലെ നിർത്താതെ പോയ ബസ് അലത്തൂർ പൊലീസ് ശബരിമല നിലക്കലിൽ നിന്നാണ് പിടിച്ചെടുത്തത്. അപ്പോഴെക്കും ബസ് ഓടിച്ച ഡ്രൈവർ രക്ഷപ്പെട്ടു. ഇയാളെ ഹാജറാക്കാതെ ബസ് വിട്ട് നൽകില്ലെന്ന് പോലീസ് അറിയിച്ചു. ഉടൻ മറ്റൊരാളെ കോടതിയിൽ ഹാജറാക്കി ബസ് കൊണ്ടുപോകാൻ ഉടമകൾ അനുമതി നേടി. പക്ഷേ യഥാർഥ ഡ്രൈവറെയല്ല ഹാജരാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തി പൊലീസ് ഉറപ്പിച്ച് പറഞ്ഞു. പിന്നാലെ ആലത്തൂർ എസ്.ഐയും അഭിഭാഷകനും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ തർക്കമായി. ഇരുവരും പരസ്പരം കലഹിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Adjust Story Font
16