ഗണപതിയെ മിത്താക്കിയോ? ആ പ്രസംഗത്തിൽ സ്പീക്കർ ഷംസീർ പറഞ്ഞതെന്ത്?
എ.എൻ ഷംസീറിനെ സ്പീക്കർ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും രംഗത്തെത്തിയിട്ടുണ്ട്
എ.എന്‍ ഷംസീര്‍
കോഴിക്കോട്: ഹൈന്ദവ ആരാധനാമൂർത്തികളെ അധിക്ഷേപിച്ചെന്നും ഗണപതിയെയും പുഷ്പക വിമാനത്തെയുമെല്ലാം മിത്താണെന്നു പറഞ്ഞെന്നും ആരോപിച്ച് സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനം ഉയരുകയാണ്. ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷംസീറിനെതിരെ വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയുമെല്ലാം പരാതി നൽകിയിട്ടുണ്ട്. യുവമോര്‍ച്ച ഉള്‍പ്പെടെ കൊലവിളി ഭീഷണിയുമായും രംഗത്തെത്തി. ഏറ്റവുമൊടുവിൽ അദ്ദേഹത്തെ സ്പീക്കർ സ്ഥാനത്തുനിന്നു നീക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ആവശ്യപ്പെട്ടിരിക്കുകയാണ്.
എറണാകുളത്തെ കുന്നത്തുനാട് മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാജോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സ്പീക്കറുടെ വിവാദമായ പ്രസംഗം. മിത്തുകളെയും വ്യക്തികളെയും ഉയർത്തിപ്പിടിക്കുന്നതിനു പകരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഷംസീർ ആഹ്വാനം ചെയ്തത്.
പ്രസംഗത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്:
നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണം. ഇന്നത്തെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കൽ മാത്രമാണ്. എന്റെ കാലത്തൊക്കെ വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് സഹോദരങ്ങളാണ്. ഇപ്പോൾ അവരല്ല, അതു തെറ്റാണ്. വിമാനം ഹിന്ദുത്വ കാലത്തേയുണ്ട്. ലോകത്തെ ആദ്യത്തെ വിമാനം പുഷ്പക വിമാനമാണ്.
ശാസ്ത്ര സാങ്കേതികരംഗം വികാസം പ്രാപിക്കുന്നുവെന്നു മാത്രമല്ല, ശാസ്ത്രത്തിനു പകരം വ്യക്തികളെ വയ്ക്കുന്നു. പാഠപുസ്തകങ്ങൾക്കകത്ത് ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് റൈറ്റ് സഹോദരങ്ങളെന്ന ഉത്തരം തെറ്റാകുന്നതും ഹിന്ദുത്വകാലം എന്നെഴുതിയത് ശരിയാകുന്നതും.
ചിലർ കല്യാണം കഴിച്ചാൽ കുട്ടികളുണ്ടാകില്ല. വന്ധ്യതാ (ചികിത്സയുടെ) പ്രത്യേകത ചിലപ്പോൾ ഇരട്ടകളുണ്ടാകും, ചിലപ്പോൾ മൂന്നുപേരുണ്ടാണ്ടാകും. അത് അതിന്റെ പ്രത്യേകതയാണ്. ഇവർ പറയുന്നു, അത് നേരത്തെയുള്ളതാണ്. ഇതൊന്നും ഇപ്പോഴുണ്ടായതല്ല. അതാണ് കൗരവപ്പട. കൗരവപ്പടയുണ്ടായത് ഇൻഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റിലൂടെയാണ്. ഇങ്ങനെ പഠിപ്പിക്കാൻ ശ്രമിക്കുന്നു.
വൈദ്യശാസ്ത്രം തന്നെ കൂടുതൽ കൂടുതൽ മൈക്രോ ആയി. സർജറി പ്ലാസ്റ്റിക് സർജറി ആയി. പ്ലാസ്റ്റിക് സർജറി എന്നു പറയുന്നത്, ചിലപ്പോൾ പരിക്കുപറ്റി കൊണ്ടുവരുമ്പോൾ ചില പെൺകുട്ടികളുടെ മുഖത്ത് കല വന്നാൽ ഡോക്ടർമാർ ചോദിക്കും, അല്ലാ.. നോർമൽ സ്റ്റിച്ചിങ് വേണോ, അതോ പ്ലാസ്റ്റിക് സർജറിയിലൂടെ സ്റ്റിച്ച് ചെയ്യണോയെന്ന്. കാരണം, മുഖത്ത് കല വന്നാൽ അവിടെത്തന്നെ നിൽക്കുമല്ലോ..! പ്രത്യേകിച്ചും സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുന്ന തലമുറയോട് സ്വാഭാവികമായും പ്ലാസ്റ്റിക് സർജറി നടത്തണോയെന്നു ചോദിക്കും. പ്ലാസ്റ്റിക് സർജറി വൈദ്യശാസ്ത്രത്തിലെ പുതിയ കണ്ടുപിടിത്തമാണ്. എന്നാൽ, പ്ലാസ്റ്റിക് സർജറി ഹിന്ദുത്വ കാലത്തേയുള്ളതാണെന്നാണ് ഇവിടെ പഠിപ്പിക്കാൻ ശ്രമിക്കുന്നത്.
ആരുടേതാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തിയതെന്ന് ചോദ്യത്തിന് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയാണെന്നാണ് ഉത്തരം. ഇങ്ങനെ ശാസ്ത്രത്തിന്റെ സ്ഥാനത്ത് മിത്തുകളെ പ്രോത്സാഹിപ്പിക്കുന്നു. ഇവിടെ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കാൻ സാധിക്കണം.
Summary: Read the content of the Kerala Speaker AN Shamseer's controversial speech for allegedly insulting Hindu idols
Adjust Story Font
16