Quantcast

അനന്തപുരി ഹിന്ദു മഹാസമ്മേളനം: സംഘാടകർക്കെതിരെ എസ്.ഐ.ഒ പരാതി നൽകി

വിവാദ വിദ്വേഷ പ്രസംഗത്തിൽ നടത്തിയ ആരോപണങ്ങളൊന്നും നേരിട്ട് അറിവുള്ളവയല്ലെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    7 Jun 2022 11:51 AM GMT

അനന്തപുരി ഹിന്ദു മഹാസമ്മേളനം: സംഘാടകർക്കെതിരെ എസ്.ഐ.ഒ പരാതി നൽകി
X

തിരുവനന്തപുരം: പി.സി ജോർജ് അടക്കമുള്ളവരുടെ വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് വിവാദത്തിലായ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ സംഘാടകർക്കെതിരെ പരാതി. എസ്.ഐ.ഒ സംസ്ഥാന ഘടകമാണ് തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിൽ പരാതി നൽകിയത്. മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണം നടത്തിയ ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകർക്കും പ്രഭാഷകർക്കുമെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രിൽ 27 മുതൽ മേയ് ഒന്നുവരെയാണ് തിരുവനന്തപുരത്ത് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അനന്തപുരി ഹിന്ദു മഹാസമ്മേളനം നടന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്നിഹോത്രി അടക്കം ദേശീയ, സംസ്ഥാനതലങ്ങളിലെ സംഘ്പരിവാർ അനുഭാവമുള്ള പ്രമുഖരാണ് ചടങ്ങിൽ സംബന്ധിച്ചത്.

പി.സി ജോർജ് മുസ്‌ലിം സമൂഹത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് സമ്മേളനം വാർത്തകളിൽ നിറയുന്നത്. സമ്മേളനത്തിലെ മിക്ക സെഷനുകളിലും പ്രസംഗിച്ചവർ വിദ്വേഷ പരാമർശങ്ങളും പ്രചാരണങ്ങളും നടത്തിയതായി ആരോപണമുയർന്നിട്ടുണ്ട്. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെ ഭീകരവാദ സംഘടനകളുടെ പിതാവായി ഒരു സെഷനിൽ സംസാരിച്ച മുൻ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു.

അതേസമയം, വിവാദ വിദ്വേഷ പ്രസംഗത്തിൽ നടത്തിയ ആരോപണങ്ങളൊന്നും നേരിട്ട് അറിവുള്ളവയല്ലെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പറഞ്ഞുകേട്ടിട്ടുള്ള കാര്യങ്ങളാണ് പ്രസംഗിച്ചതെന്നും ഇതിൽ കേസെടുത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ഗൂഢാലോചനയാണെന്നും പി.സി ജോർജ് ആരോപിച്ചു.

ഇന്നലെ പൊലീസ് ആവശ്യപ്പെട്ടതു പ്രകാരമാണ് തിരുവനന്തപുരം ഫോർട്ട് സ്്‌റ്റേഷനിൽ പി.സി ജോർജ് ചോദ്യം ചെയ്യലിനായി എത്തിയത്. അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിയുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.

Summary: SIO files complaint against organizers of Ananthapuri Hindu Maha Sammelanam

TAGS :

Next Story