പാലക്കാട്ട് വീടുകൾ കയറി ഹൈടെക്ക് മോഷണം; ആന്ധ്ര സ്വദേശികൾ പിടിയിൽ
പകൽ നേരത്ത് വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി മോഷണം നടത്തേണ്ട വീടുകൾ കണ്ടുവയ്ക്കും, രാത്രിയും ആളില്ലെന്ന് ഉറപ്പായാൽ മോഷണം
പാലക്കാട്: പാലക്കാട് നഗരത്തിൽ വീടുകൾ കയറി മോഷണം പതിവാക്കിയ ഹൈടെക് മോഷ്ടാക്കൾ പിടിയിൽ. ആന്ധ്ര സ്വദേശികളായ വെങ്കിടേശ്വര റെഡ്ഡി, വെങ്കിട വിനയ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പോണ്ടിച്ചേരിയിൽ നിന്ന് ടൗൺ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി മോഷണം നടത്തിയിരുന്നവരാണ് ഇരുവരും. രണ്ടുപേരും ഉന്നത വിദ്യാഭ്യാസം നേടിയവർ. ഹൈടെക്ക് രീതിയിലാണ് മോഷണം നടത്തുന്നത്. ആദ്യം ആപ്പുകൾ വഴി കാർ വാടകയ്ക്ക് എടുക്കും. പരിചയം ഇല്ലാത്ത സ്ഥലത്ത് ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴികൾ പഠിക്കും. പിന്നാലെ, നഗരത്തിൽ വന്ന് റൂം എടുക്കും. ശേഷം പകൽ നേരത്ത് വാടകയ്ക്ക് എടുത്ത കാറിൽ കറങ്ങി മോഷണം നടത്തേണ്ട വീടുകൾ കണ്ടുവയ്ക്കും. രാത്രിയും ആളില്ലെന്ന് ഉറപ്പായാൽ മോഷണം.
മാർച്ച് 20 നും ഏപ്രിൽ 16നും ഇടയിൽ പാലക്കാട് നഗരത്തിൽ മാത്രം ഇരുവരും അഞ്ചുവീടുകളിലാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിലൂടെ പൊലീസ് പ്രതികളെ കുടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിന് നേരെ കാർ ഓടിച്ചു കയറ്റാനും ഇരുവരും ശ്രമം നടത്തി.
മോഷണം നടത്തിയ ഒരു വീട്ടിൽ പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. മറ്റുവീടുകളിലും തെളിവെടുപ്പ് വൈകാതെ പൂർത്തിയാക്കും. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗോവ, മഹാരാഷ്ട്ര, കർണാടക, സംസ്ഥാനങ്ങളിലായി പ്രതികൾക്കെതിരെ 21 കേസുകളാണുള്ളത്.
Adjust Story Font
16