അനസ്തേഷ്യ നൽകാൻ വിസമ്മതിച്ചു, രോഗിയുടെ ശസ്ത്രക്രിയ വൈകി; ഡോക്‌ടർക്കെതിരെ നടപടി
വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നൽകാൻ തയ്യാറായില്ലെന്ന പരാതിയിലാണ് നടപടി.
കാസർകോട്: അനസ്തേഷ്യ നൽകാൻ വിസമ്മതിച്ച ഡോക്ടർക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കാസർകോട് ജനറൽ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം ഡോക്ടർ കെ.എം. വെങ്കിടഗിരിക്കെതിരെയാണ് നടപടി.
ഡോക്ടർക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2021 ഓഗസ്റ്റ് 11ന് വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് ശസ്ത്രക്രിയക്ക് ആവശ്യമായ അനസ്തേഷ്യ നൽകാൻ തയ്യാറായില്ലെന്ന പരാതിയിലാണ് നടപടി.
അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ പാറക്കട്ട ആർടി നഗർ സ്വദേശി മുഹമ്മദ് ഷാസിബിന്റെ ഓപ്പറേഷനാണ് അനസ്തേഷ്യ നൽകാൻ ഡോക്ടർ തയ്യാറാകാതിരുന്നത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഷാസിബ് ശസ്ത്രക്രിയ നടത്തിയത്. നിർധന കുടുംബത്തിൽ നിന്നുള്ള ഷാസിബിന് വലിയൊരു തുക സ്വകാര്യ ആശുപത്രിയിൽ ചെലവായി.
പണം ആവശ്യപ്പെട്ടാണ് ഡോക്ടർ അനസ്തേഷ്യ നല്കാതിരുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഡോ.വെങ്കിടഗിരിക്കെതിരെ നേരത്തെയും ഇത്തരത്തിൽ പരാതി ഉയർന്നിട്ടുണ്ട്. ഇദ്ദേഹം രണ്ടുമാസം സസ്പെൻഷനിലുമായിരുന്നു. അനസ്തേഷ്യ നൽകേണ്ട രോഗികളിൽ നിന്ന് 2000 രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ അനസ്തേഷ്യ നൽകാതിരിക്കുകയും ചെയ്യുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. സസ്പെൻഷന് ശേഷം കാസർകോട് ജനറൽ ആശുപത്രിയിൽ തന്നെ ഇദ്ദേഹം ജോലിക്കായി പ്രവേശിക്കുകയായിരുന്നു.
രണ്ടുമാസത്തിനകം ഷാസിബിന്റെ വിഷയത്തിൽ വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16