Quantcast

അംഗന്‍വാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം: ഐ.സി.ഡി.എസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു

മൂന്നര വയസുകാരന് സൗജന്യ ചികിത്സയും അടിയന്തര ധനസഹായമായി ഒരു ലക്ഷവും അനുവദിക്കും

MediaOne Logo

ijas

  • Updated:

    2022-04-26 14:11:24.0

Published:

26 April 2022 2:08 PM GMT

അംഗന്‍വാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവം: ഐ.സി.ഡി.എസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു
X

തിരുവനന്തപുരം: കോട്ടയം വൈക്കം കായിക്കരയില്‍ അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ ഐ.സി.ഡി.എസ് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. അപകടത്തില്‍ മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസര്‍ എന്നിവരോടും മന്ത്രി വീണ ജോര്‍ജ് വിശദീകരണം തേടി. സംസ്ഥാനത്തെ അംഗന്‍വാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ അംഗന്‍വാടികളുടേയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാന്‍ ഡയറക്ടര്‍ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സി.ഡി.പി.ഒമാര്‍ക്കും നിര്‍ദേശം നല്‍കി. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ മറ്റൊരു കെട്ടിടം ഉടന്‍ കണ്ടെത്തി അവിടേയ്ക്ക് അംഗന്‍വാടികള്‍ മാറ്റി പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കി.

അംഗന്‍വാടി കെട്ടിടം ഇടിഞ്ഞുവീണ് പരിക്കേറ്റ മൂന്നര വയസുകാരന്‍ കായിക്കര പനക്കച്ചിറ അജിയുടെ മകന്‍ ഗൗതമിന് കോട്ടയം ഐ.സി.എച്ചില്‍ സൗജന്യ ചികിത്സ ഉറപ്പാക്കും. ഇതുകൂടാതെ കുട്ടിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കും. ഗൗതമിന്‍റെ കാലിന് ഒടിവുപറ്റുകയും മൂക്ക്, ചെവി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് അപകടമുണ്ടായത്. അംഗൻവാടി പ്രവർത്തിക്കുന്ന മുറിയുടെ പ്രധാന ഭിത്തി അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. വീടിനോട് അനുബന്ധിച്ച് നിർമിച്ച മുറിയുടെ ഭിത്തി അതിനോടനുബന്ധിച്ച കോൺക്രീറ്റ് ഷെൽഫ് അടക്കം മുറിക്ക് പുറത്തേക്കാണ് മറിഞ്ഞത്. ഈ സമയം ഭിത്തിയോട് ചേർന്ന് കളിച്ചുകൊണ്ടിരുന്ന ഗൗതമും പുറത്തേക്ക് വീണു. 10 കുട്ടികൾ പഠിക്കുന്ന അംഗൻവാടിയിൽ രണ്ട് കുട്ടികൾ മാത്രമാണ് എത്തിയിരുന്നത്. അംഗൻവാടി വർക്കർ ബിനു അവധിയിലായിരുന്നു. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന അംഗൻവാടി ഹെൽപർ സിന്ധുവും സമീപത്തുനിന്ന് ഓടിയെത്തിയവരും ചേർന്ന് ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മഠത്തിൽപറമ്പിൽ ഗിരിജദാസന്‍റെ വീടിനോട് ചേർന്ന മുറിയിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. സമീപത്തെ മറ്റൊരു വീടിനോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന അംഗൻവാടി ഒരു വർഷം മുമ്പാണ് ഇപ്പോൾ തകർന്നുവീണ മുറിയിലേക്ക് മാറ്റിയത്. വീടിനോട് പുതുതായി കൂട്ടിച്ചേർത്ത ഈ മുറിയിൽ അംഗൻവാടി പ്രവർത്തിക്കുന്നതിന് നഗരസഭ ഫിറ്റ്നസ് നൽകിയിരുന്നില്ല.

Anganwadi building collapse: ICDS superintendent suspended

TAGS :

Next Story