Quantcast

മൂന്നുമാസത്തിനുള്ളിൽ പ്രശ്‌നപരിഹാരമെന്ന് ധനമന്ത്രിയുടെ ഉറപ്പ്; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

പരിഹാരമുണ്ടായില്ലെങ്കിൽ 91-ാം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് അങ്കണവാടി ജീവനക്കാർ

MediaOne Logo

Web Desk

  • Published:

    29 March 2025 10:52 AM

മൂന്നുമാസത്തിനുള്ളിൽ പ്രശ്‌നപരിഹാരമെന്ന് ധനമന്ത്രിയുടെ ഉറപ്പ്; അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു
X

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടത്തിവന്ന അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു. ധനമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. മൂന്നുമാസത്തിനുള്ളിൽ പ്രശ്‌നപരിഹാരമെന്ന ധനമന്ത്രിയുടെ ഉറപ്പ് നൽകിയെന്ന് സമരക്കാർ വ്യക്തമാക്കി. പരിഹാരമുണ്ടായില്ലെങ്കിൽ 91-ാം ദിവസം നിരാഹാര സമരം ആരംഭിക്കുമെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു.

ആശാ വർക്കർമാർക്ക് പിന്നാലെയാണ് വേതനവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപർമാരും സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല രാപകൽ സമരം ആരംഭിച്ചത്. അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നൽകുക, ഉത്സവ ബത്ത 5000 രൂപയാക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പാക്കുക, റിട്ടയർമെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു രാപകൽ സമരം.

അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിലെ ആശാവർക്കേഴ്സിന്റെ രാപകൽ സമരം 48 ദിവസം പിന്നിട്ടു. മൂന്ന് പേരുടെ നിരാഹാര സമരം പത്താം ദിവസത്തിലാണ്. ആശാവർക്കർമാരായ ബീന പീറ്റർ, അനിതകുമാരി, ശൈലജ എന്നിവരാണ് നിരാഹാര സമരം തുടരുന്നത്. ആവശ്യങ്ങൾ പരിഗണിക്കാത്തതിനാൽ സമരം കൂടുതൽ കടുപ്പിക്കാൻ ആണ് തീരുമാനം. സമരത്തിന്റെ അമ്പതാം ദിവസം ആയ തിങ്കളാഴ്ച സെക്രട്ടറിയേറ്റിനു മുന്നിൽ മുടി മുറിച്ച് സമരം ചെയ്യാനും തീരുമാനമുണ്ട്. നിരാഹാരം ആരംഭിച്ചതിന് ശേഷം സർക്കാർ സമരക്കാരെ ഇതുവരെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. സമരം ചെയ്യുന്നവർക്ക് ഫെബ്രുവരി മാസത്തെ ആനുകൂല്യങ്ങൾ പ്രതികാര നടപടിയുടെ ഭാഗമായി കട്ടാക്കിയെന്നും സമരക്കാർ ആരോപിക്കുന്നു.

TAGS :

Next Story