ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി പ്രതിഷേധം സംഘടിപ്പിച്ചു
തിരുവനന്തപുരം: ലക്ഷദ്വീപിലെ ഗോത്രവർഗ സമൂഹത്തിന് നേരെ സംഘ്പരിവാർ സർക്കാർ സ്വീകരിക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിച്ചു. സമാധാനപൂർണമായ ജീവിതം നയിച്ചുവന്ന ദ്വീപിലെ ഗോത്രവർഗ്ഗ സമൂഹത്തിലേക്ക് അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ പട്ടേലിനെയും സംഘത്തെയും നിയോഗിച്ചത് തികച്ചും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. വിവിധ ഭീകര നിയമങ്ങളിലൂടെ ജനങ്ങൾക്കുമേൽ നടത്തുന്ന ദ്രോഹങ്ങളെ ന്യായീകരിക്കാൻ വേണ്ടി
മോദി ഭരണകൂടം ഇസ്ലാമോഫോബിയ പരത്തുന്ന വ്യാജവാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഗോത്രവർഗ സാംസ്കാരിക ജീവിതം നയിക്കുന്ന ലക്ഷദ്വീപ് നിവാസികളുടെ തനത് ജീവിത ശൈലിയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ലക്ഷദ്വീപിനെ വംശീയമായി ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന പ്രഫുൽ പട്ടേലിനെയും സംഘത്തെയും ഉടൻതന്നെ ദ്വീപിൽ നിന്ന് പിൻവലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വികസനപ്രവർത്തനങ്ങളുടെ മറവിൽ ദ്വീപ് നിവാസികളുടെ ഭൂമി തട്ടിയെടുക്കാനും അവരെ ഉന്മൂലനം ചെയ്യാനും അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന പുതിയ കരട് റെഗുലേഷനായ ലക്ഷദ്വീപ് ഡെവലപ്മെന്റ്റ് അതോറിറ്റി റെഗുലേഷൻ (LDAR) ഉടൻ പിൻവലിക്കണം. ഏതൊരു വ്യക്തിയെയും പരസ്യമായി ഒരു അറിയിപ്പുമില്ലാതെ ഒരു വർഷം വരെ തടവിൽ വെക്കാൻ ഭരണകൂടത്തിന് അധികാരം നൽകുന്ന പ്രിവെൻഷൻ ഓഫ് ആന്റി സോഷ്യൽ ആക്ടിവിറ്റിസ് ആക്ട് (PASA ) റദ്ദ് ചെയ്യണം. മൃഗസംരക്ഷണത്തിന്റെ പേരിലെ ബീഫ് നിരോധനം, സ്കൂൾ ഉച്ചഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കാനുള്ള നീക്കം, രണ്ടിൽ കൂടുതൽ സന്താനങ്ങളുള്ളവർക്ക് പഞ്ചായത്ത് മെമ്പർമാരാവുന്നതിന് അയോഗ്യത തുടങ്ങിയ ലക്ഷദ്വീപിലെ ജനതയുടെ ജീവിത സംസ്കാരത്തിന് മേലെയുള്ള സംഘ്പരിവാറിന്റെ കടന്നാക്രമണം തികച്ചും ഏകാധിപത്യ ശ്രമങ്ങളാണ്. ദ്വീപിനെ തകർക്കുന്ന ഫാസിസ്റ്റ് നയങ്ങൾക്കെതിരെ കേരളത്തിലെ ആയിരത്തിൽപരം പ്രദേശങ്ങളിലും വീടുകളിലും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധ പരിപാടികൾ നടന്നു. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ പ്രതിഷേധ പരിപാടി നടത്തി.
ലക്ഷദ്വീപിലെ ഹിന്ദുത്വ അധിനിവേശം അവസാനിപ്പിക്കുക, തദ്ദേശ വാസികളുടെ ആവശ്യങ്ങൾ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്മെന്റ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. കൊച്ചിയിലെയും ബേപ്പൂരിലെയും അഡ്മിനിസ്‌ട്രേഷൻ ഓഫീസുകളിലേക്കാണ് മാർച്ച് നടത്തിയത്. ആർ.എസ്.എസ് ഏജന്റ് പ്രഫുൽ പട്ടേലിനെ ലക്ഷ ദ്വീപിൽ നിന്ന് തിരിച്ചു വിളിക്കണമെന്നും പ്രതിഷേധ മാർച്ചിൽ ആവശ്യങ്ങളുയർന്നു.
ബേപ്പൂരിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ സബ് ഡിവിഷനൽ ഓഫീസിലേക്ക് നടന്ന മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം മുഹമ്മദ് സഈദ് ടി. കെ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സജീർ ടി. സി അധ്യക്ഷത വഹിച്ചു. ബേപ്പൂർ മണ്ഡലം കൺവീനർ ഹസനു സ്വാലിഹ് സ്വാഗതവും മുബാറക്. പി നന്ദിയും പറഞ്ഞു. കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് എറണാകുളം ജില്ലാ ജനറൽ കൗൺസിൽ അംഗമായ സൽമാൻ തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ ബിലാൽ,അജ്മൽ ജലീൽ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Adjust Story Font
16