പക്ഷിപ്പനിയിൽ ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി
ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്
ആലപ്പുഴ: ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ പുറപ്പെടുവിച്ചു. മറ്റു ജില്ലകളിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്യാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്ന് മൃഗസംരക്ഷണ വകുപ്പ് പറഞ്ഞു.
ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടന കിളികളെയോ കൈകാര്യം ചെയ്യുന്നവർ ജാഗ്രത പുലർത്തണം. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുത്.
കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. മുട്ടയും മാംസവും നന്നായി പാചകം ചെയ്ത് ഉപയോഗിക്കുക.
പക്ഷികളുടെ അസാധാരണ മരണം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണ വകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക. പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കാനും രോഗബാധിത പ്രദേശങ്ങൾ ശുചീകരിക്കാനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക. ശുചീകരണത്തിനായി 2 ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസിയം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കുക. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിത വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നിവയാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശങ്ങൾ.
രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവൻ പക്ഷികളേയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതൽ നടപടികളും മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പക്ഷികളിൽ ഉണ്ടാകുന്ന അസ്വാഭാവിക മരണം, അസ്വാഭാവിക ലക്ഷണങ്ങൾ എന്നിവ നിരീക്ഷണ വിധേയമാക്കാൻ എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സർജന്മാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
അടിയന്തിര സാഹചര്യം നേരിടാൻ ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ: 0477-2252636.
Adjust Story Font
16