Quantcast

'വയനാട്ടുകാരെ രാഹുൽ വഞ്ചിച്ചു, റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം പറഞ്ഞില്ല': ആനി രാജ

ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നിലവിൽ അത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ആനി രാജ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2024-06-08 15:05:35.0

Published:

8 Jun 2024 12:51 PM GMT

annie raja_rahul gandhi
X

ഡൽഹി: രാഹുൽ ഗാന്ധിയുടെ പിന്മാറ്റം വയനാട്ടിലെ ജനങ്ങളോടുള്ള അനീതിയെന്ന് സിപിഐ നേതാവ് ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറയണമായിരുന്നു.രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്ത പ്രവർത്തിയാണിത്. ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നിലവിൽ അത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ആനി രാജ പറഞ്ഞു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന കാര്യം മണ്ഡലത്തിലുള്ളവരോട് തുടക്കം തന്നെ പറയണമായിരുന്നു. വയനാട്ടിൽ ഇനിയെന്തെന്ന് കോണ്‍ഗ്രസ് പറയണമെന്ന് ആനി രാജ ആവശ്യപ്പെട്ടു. ഇന്ന് നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയില്‍, രണ്ട് മണ്ഡലത്തില്‍ മത്സരിക്കാം എന്നുണ്ട്. . ഇത് വേണോ വേണ്ടയോ എന്നതൊക്കെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്നും ആനി രാജ പറഞ്ഞു.

വയനാട്ടിൽ തെരഞ്ഞെടുപ്പ് അവലോകനം നടന്നുവരികയാണ്. ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ പാർട്ടിയും മുന്നണിയുമാണ് തീരുമാനിക്കേണ്ടതെന്നും അവർ പറഞ്ഞു. വയനാട് മണ്ഡലത്തില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ആനി രാജയെ 3,64,422 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു രാഹുലിന്റെ വിജയം.

അതേസമയം, വയനാട് നിലനിർത്തണമെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും യുപി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നത് പരിഗണിച്ച് രാഹുൽ റായ്ബറേലിയിൽ തുടരണമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉയർന്ന പൊതുവായ ആവശ്യം. അടുത്തയാഴ്ച വയനാട് സന്ദർശിച്ച ശേഷമാകും രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം.

ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും. പത്ത് ദിവസത്തിനുള്ളിൽ രാഹുൽ ഒരു മണ്ഡലം കൈയൊഴിയണം. പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് വയനാട് ഒഴിയാൻ അഭിപ്രായമുയർന്നത്.

TAGS :

Next Story