മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു
പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇന്നലെ അർധരാത്രിയോട് കൂടിയായിരുന്നു സംഭവം.
തിരയിൽപ്പെട്ട് വള്ളത്തിലുണ്ടായിരുന്ന നാല് പേർ കടലിലേക്ക് വീണു. പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റൽ പൊലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് വിക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യേശുദാസ്, സുരേഷ്, ഫ്രാൻസിസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. മുതലപ്പൊഴിയിൽ കേന്ദ്രത്തിന്റെ വിദഗ്ധ സമിതിയും സംസ്ഥാന സർക്കാരും നിരവധി പഠനങ്ങൾ നടത്തിയിരുന്നു.
രാവിലെ അഞ്ചരയോടെയും വള്ളം മറിഞ്ഞ് അപകടമുണ്ടായി. അഞ്ചുതെങ്ങ് തോണിക്കടവ് സ്വദേശി സ്റ്റാലിൻ നീന്തി രക്ഷപ്പെട്ടു. അപകട ശേഷം മറൈൻ എൻഫോഴ്സ്മെന്റ് സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
Adjust Story Font
16