'പ്രസവത്തിൽ കുഞ്ഞിന്റെ കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു'; ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി
കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളിൽ ഭേദമാകുമെന്ന് ഡോക്ടർ ഉറപ്പ് നൽകിയിരുന്നെന്നും ഒരു വർഷമായിട്ടും മാറ്റമൊന്നുമില്ലെന്നും കുടുംബം
ആലപ്പുഴ: അപൂർവ ജനിതക വൈകല്യവുമായി കുഞ്ഞ് പിറന്നതിന് പിന്നാലെ ആലപ്പുഴ വനിതാ ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. പ്രസവത്തിൽ കുഞ്ഞിന്റെ കൈയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് കാട്ടി ആലപ്പുഴ സ്വദേശികളായ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡിൽ വിഷ്ണുദാസ്-അശ്വതി ദമ്പതിമാരുടെ മകൻ വിഹാൻ വി. കൃഷ്ണയ്ക്കാണ് ഇപ്പോഴും വലതു കൈയുടെ സ്വാധീനം തിരിച്ചു കിട്ടാത്തത്. കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളിൽ ഭേദമാകുമെന്ന് ഡോക്ടർ ഉറപ്പ് നൽകിയിരുന്നെന്നും ഒരു വർഷമായിട്ടും മാറ്റമൊന്നുമില്ലെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈയ് മൂന്നിനായിരുന്നു വിഹാന്റെ ജനനം. വാക്വം ഡെലിവറിയിലൂടെ പുറത്തെടുത്ത കുഞ്ഞിന് വലതുകൈയ്ക്ക് സ്വാധീനമില്ലായിരുന്നു. കൈവിരലിലും അനക്കമുണ്ടായില്ല. ആലപ്പുഴ ജനറൽ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനെ കാണിച്ചപ്പോഴാണ് വാക്വം ഡെലിവറിയിലെ പിഴവാണ് കാരണമെന്ന് വ്യക്തമായതെന്ന് പിതാവ് വിഷ്ണു പറയുന്നു. കുഞ്ഞിനെ വലിച്ചെടുത്തപ്പോൾ പറ്റിയ പിഴവാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
"ജനിച്ചപ്പോഴേ കുഞ്ഞിന്റെ കൈയ്ക്ക് സ്വാധീനമില്ലായിരുന്നു. നിങ്ങളുടെ പിഴവല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അത് നമുക്ക് പറയാനാവില്ല, ആറ് മാസത്തിനുള്ളിൽ ശരിയാകും എന്ന് പറഞ്ഞു. മൂന്ന് മാസം എന്റെ കുഞ്ഞ് സ്ലിങ് ഇട്ട് കിടക്കുവായിരുന്നു, കാണിക്കാത്ത ആശുപത്രികളില്ല. സാമ്പത്തികമായി വലിയ നിലയിലല്ല ഞങ്ങൾ. ഞാൻ ജോലി ചെയ്തിരുന്ന കോയമ്പത്തൂരിലെ ആശുപത്രിയിലടക്കം കാണിച്ചു. പിന്നീട് ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഡെലിവറിയിലെ പിഴവാണെന്ന് ഉറപ്പിച്ചത്. ഒരു ഉത്തരവാദിത്തവും ഇല്ലാതെ അവർ പ്രസവമെടുക്കുകയായിരുന്നു"- വിഷ്ണു പറയുന്നു.
പ്രസവശേഷം തുന്നൽ ചെയ്യാതെ മണിക്കൂറുകളോളം വൈകിപ്പിച്ചെന്നും ഇത് കാരണം അമിത രക്തസ്രാവം സംഭവിച്ചെന്നും അശ്വതിയും വെളിപ്പെടുത്തുന്നുണ്ട്. സംഭവത്തിൽ വിഷ്ണുദാസ് കുറച്ചുദിവസം മുൻപ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. പരാതി ലഭിച്ചിരുന്നെന്നും ഹാജരാക്കിയ ചികിത്സാരേഖകൾ മെഡിക്കൽ ബോർഡിനു കൈമാറുമെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.
Adjust Story Font
16