പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ഒരു മരണം
ആടിന് ചപ്പ് വെട്ടാൻ പോയപ്പോൾ പുഴക്കരയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു. പുതൂർ മുള്ളി സ്വദേശി നഞ്ചനാണ് കൊല്ലപ്പെട്ടത്. ആടിന് തീറ്റ ശേഖരിക്കാനായി വനാതിർത്തിയിലെ നടുമുള്ളി പുഴയ്ക്ക് സമീപം എത്തിയ നഞ്ചനെ ഒറ്റയാൻ ആക്രമിക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് നഞ്ചൻ നടുമുള്ളി പുഴയുടെ തീരത്ത് ആടിന് തീറ്റ ശേഖരിക്കാനായി പോയത്. പുല്ല് വെട്ടുന്നതിനിടയിൽ കാടിറങ്ങി വന്ന ഒറ്റയാൻ നഞ്ചനെ ആക്രമിക്കുകയായിരുന്നു.
നെഞ്ചിന് ആന ചവിട്ടിയതായാണ് പ്രാഥമിക നിഗമനം. നഞ്ചൻ്റെ ഇടതുവശത്തെ 10 വാരിയെല്ലുകൾ പൊട്ടി. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ ബഹളം വെച്ചും കല്ലെറിഞ്ഞും ആനയെ വിരട്ടി ഓടിക്കുകയായിരുന്നു. പരിക്കേറ്റ നഞ്ചനെ ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെത്തിച്ചെങ്കിലും 8 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി അഗളി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Adjust Story Font
16