ആന്ത്രാക്സ് സ്ഥിരീകരിച്ച തൃശൂരിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി; വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകും
ആന്ത്രാക്സ് ബാധിച്ച പന്നികളെ മറവ് ചെയ്തവർക്ക് ചികിത്സ നൽകാനും തീരുമാനിച്ചിട്ടുണ്ട്
തൃശൂര്‍: ആന്ത്രാക്സ് സ്ഥിരീകരിച്ച തൃശൂരിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. അതിരപ്പിള്ളി പഞ്ചായത്തിലെ വളർത്തുമൃഗങ്ങൾക്ക് വാക്സിൻ നൽകും. ആന്ത്രാക്സ് ബാധിച്ച പന്നികളെ മറവ് ചെയ്തവർക്ക് ചികിത്സ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു.
അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു.
ഇവയുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നും ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. സ്ഥലത്തെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനായി പോയ ആളുകൾ നിരീക്ഷണത്തിലാണ്. ഇവർക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നൽകി വരുന്നു. കാട്ടുപന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ സ്ഥലങ്ങളിൽ ആളുകൾ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിലേയോ ആരോഗ്യ വകുപ്പിലേയോ വനം വകുപ്പിലേയോ ഉദ്യോഗസ്ഥരെ വിവരം അറിയിക്കേണ്ടതാണെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചു. തൃശൂർ ജില്ലയിൽ ഇതു സംബന്ധിച്ച് അവലോകന യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. മൃഗങ്ങളിൽ വാക്സിനേഷൻ ആരംഭിക്കാനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ബാസിലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ആന്ത്രാക്സ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്.
Adjust Story Font
16