Quantcast

കെ-റെയിൽ വിരുദ്ധ സമരം പുനരാരംഭിക്കുന്നു; പ്രതിഷേധം കടുപ്പിക്കാന്‍ ജനകീയ സമിതി

സിൽവർലൈനിന് വേണ്ടി റെയിൽവേയുടെ പക്കലുള്ള ഭൂമി കൂടി തട്ടിയെടുത്ത് കേരളത്തിലെ റെയിൽ വികസനത്തെ പാടേ സ്തംഭിപ്പിക്കുന്ന അവസ്ഥ കൈയുംകെട്ടി നോക്കിനിൽക്കാൻ കഴിയില്ലെന്ന് ജനകീയ സമിതി സംസ്ഥാന കമ്മിറ്റി യോഗം വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    10 Nov 2023 2:16 PM GMT

General Manager of Southern Railway R. N. Singh said that the matter related to Silver Line (K Rail) is being investigated.
X

തിരുവനന്തപുരം: സിൽവർലൈൻ വിരുദ്ധ സമരം പുനരാരംഭിക്കുന്നു. നവംബറിൽ കേരളത്തിലെ മൂന്ന് മേഖലകളിൽ മാർച്ചും സംവാദവും ധർണാപരിപാടികളും നടക്കും. കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സംസ്ഥാന കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണു തീരുമാനം.

സിൽവർലൈൻ പദ്ധതിക്കു വേണ്ടി ഇന്ത്യൻ റെയിൽവെയുടെ ഭൂമി വിട്ടുകൊടുക്കാൻ സാങ്കേതികമായ കാരണങ്ങളാൽ കഴിയുകയില്ലെന്ന് സതേൺ റെയിൽവേ അധികൃതർ പല പ്രാവശ്യം കെ-റെയിൽ കോർപ്പറേഷനെയും റെയിൽവേ ബോർഡിനെയും അറിയിച്ചിട്ടുള്ളതാണ്. ഈ ആവശ്യത്തിന് റെയിൽവേ വക ഭൂമി വിട്ടുകൊടുക്കുകയില്ലെന്ന് കേരളത്തിലെ പാർലമെന്റ് അംഗം കൊടിക്കുന്നിൽ സുരേഷിനെയും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും, പിൻവാതിൽ സമ്മർദത്തിലൂടെ കേരളത്തിലെ ഇന്ത്യൻ റെയിൽലൈൻ കടന്നുപോകുന്ന 199 കി.മീ. ദൈർഘ്യം വരുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ വരുന്ന വിവിധ ഇടങ്ങളിലെ 105 ഹെക്ടർ ഭൂമി കൈക്കലാക്കാനള്ള ശ്രമം തുടരുന്നതിന്റെ ഭാഗമായി വേണം കഴിഞ്ഞ ദിവസങ്ങളിൽ റെയിൽവേ ബോർഡിൽനിന്നു സംസ്ഥാന ഡിവിഷനൽ റെയിൽ ആസ്ഥാനങ്ങളിൽ വന്നിട്ടുള്ള കത്തെന്ന് കാണാവുന്നതാണെന്ന് സമര സമിതി ആരോപിച്ചു.

''ഇന്ത്യൻ റെയിൽവേയുടെ വികസനത്തിന് ആവശ്യമായ ഭൂമി യഥാസമയം കൈമാറ്റം ചെയ്യപ്പെടുന്നതിൽ വിമുഖത തുടരുന്ന കേരള സർക്കാർ സിൽവർലൈനിന് വേണ്ടി റെയിൽവേയുടെ പക്കൽ വികസനത്തിന് കരുതിവച്ചിട്ടുള്ള ഭൂമി കൂടി തട്ടിയെടുത്ത് കേരളത്തിലെ റെയിൽ വികസനത്തെ പാടേ സ്തംഭിപ്പിക്കപ്പെടുന്ന അവസ്ഥ കൈയുംകെട്ടി നോക്കിനിൽക്കാൻ കഴിയുകയില്ല.

തിരുവനന്തപുരം-കാസർകോട് റെയിൽ റൂട്ടിലായിട്ടുള്ള 120 റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ യാത്രക്കാരുടെ റെയിൽ സൗകര്യങ്ങൾക്ക് പകരമാണ് കേവലം സമ്പന്ന വിഭാഗത്തെ ലക്ഷ്യംവയ്ക്കുന്നതും, നിലവിലുള്ള റെയിൽവേ സ്റ്റേഷനുകളുമായി യാതൊരു സാമീപ്യവുമില്ലാത്ത 11 സ്റ്റേഷനുകളിൽ മാത്രം നിർത്താൻ ഉദ്ദേശിക്കുന്നതുമായ സിൽവർലൈൻ എന്ന വാദമുഖം പരിഹാസ്യമാണ്.

സംസ്ഥാനത്തെ തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ ഭൂമികൈമാറ്റ പ്രശ്‌നം കെ-റെയിൽ അധികൃതരുമായി വീണ്ടും ചർച്ച ചെയ്ത് അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതിൽനിന്നു നാളിതു വരെയുണ്ടായ എതിർപ്പുകളെ അവഗണിച്ച് കേരള സർക്കാർ സിൽവർലൈൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നവെന്ന് സമരസമിതി മനസിലാക്കുന്നു.

അനുമതിയില്ലാത്ത സിൽവർലൈൻ പദ്ധതിയുടെ പേരിൽ ഭൂമി മരവിപ്പിച്ചും, പൊലീസ് മർദനവും കള്ളക്കേസുകളും എടുത്തും കേരളത്തിലെ ഗണ്യമായൊരു ജനവിഭാഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കേ വീണ്ടും ഈ പദ്ധതിയുമായി രംഗത്തുവരുന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമായ നടപടിയായി സമരസമിതി വിലയിരുത്തുന്നു.''

ഒരു പുതിയ റെയിൽപദ്ധതിക്ക് ആവശ്യമായ അടിസ്ഥാന പഠനങ്ങളിൽ ഒരെണ്ണം പോലും ശാസ്ത്രീയമായി നടത്താതെ തട്ടിക്കൂട്ടിയുണ്ടാക്കി കേന്ദ്ര റെയിൽ മന്ത്രാലയത്തിന് സമർപ്പിച്ച സിൽവർലൈൻ, അത്തരം കുഴപ്പങ്ങൾ നിലനിർത്തിക്കൊണ്ട്

വളഞ്ഞ മാർഗ്ഗങ്ങളിലൂടെ നേടിയെടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ തുടർ സമരപരിപാടികൾ നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിന്റെ റെയിൽ വികസനത്തിന് അനിവാര്യമായ ഭൂമി വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ നവംബർ 15ന് എറണാകുളം റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. നവംബർ 30ന് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ ഓഫീസിനു മുന്നിൽ സമാനമായ ആവശ്യം മുൻനിർത്തി പ്രതിഷേധ സംഗമം നടത്തും. നവംബർ 26ന് കോഴിക്കോട് അഴിയൂരിൽ നടക്കുന്ന സമരത്തിന്റെ ആയിരം ദിനാചരണ പരിപാടിഒരു സിൽവർലൈൻ സംവാദം, സിൽവർലൈൻ വിരുദ്ധ മഹാസംഗമം, പൊതുസമ്മേളനം എന്നീ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.

സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, വൈസ് ചെയർമാൻ ടി.ടി ഇസ്മയിൽ(കോഴിക്കോട്), രക്ഷാധികാരികളായ എം.ടി തോമസ്(കോട്ടയം), കെ. ശൈവപ്രസാദ് (തിരുവനന്തപുരം, സംസ്ഥാന സമിതി അംഗങ്ങളായ ബാബു കുട്ടൻചിറ(കോട്ടയം), കെ.പി ചന്ദ്രാംഗദൻ(കണ്ണൂർ), രാമചന്ദ്രൻ വരപ്രത്ത്, വിനു കുര്യാക്കോസ്(എറണാകുളം), അരുൺ ബാബു(പത്തനംതിട്ട), ബി. രാമചന്ദ്രൻ(കൊല്ലം), സംഗീതാ വർണ്ണൻ(ആറ്റിങ്ങൽ), ശിവദാസ് മഠത്തിൽ(തൃശൂർ), കെ. സുരേശൻ(കാസർകോട്) തുടങ്ങിയവർ പ്രസംഗിച്ചു.

Summary: Anti-K Rail strike resumes; People's Committee to strengthen the protest

TAGS :

Next Story