Quantcast

ത്രിപുര മുസ്‌ലിം വിരുദ്ധ കലാപം: സമഗ്രാന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്

കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ആരംഭിക്കണമെന്ന് ലീഗ് ദേശീയ നേതൃയോഗം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    5 Nov 2021 3:56 PM GMT

ത്രിപുര മുസ്‌ലിം വിരുദ്ധ കലാപം: സമഗ്രാന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്
X

കോഴിക്കോട്: ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന സംഘ്പരിവാർ അതിക്രമങ്ങളിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ്. മുസ്‌ലിംകൾക്കെതിരെ അഴിഞ്ഞാടുന്ന അക്രമികൾക്കൊപ്പം നിൽക്കുകയാണ് ബി.ജെ.പി സർക്കാരെന്നും ലീഗ് ദേശീയ നേതൃത്വം ആരോപിച്ചു.

ജനാധിപത്യ ഇന്ത്യക്ക് വലിയ നാണക്കേടുണ്ടാക്കുന്ന വാർത്തകളാണ് ത്രിപുരയിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസ്, വി.എച്ച്.പി, ബജ്‌റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ത്രിപുരയിൽ പള്ളികൾ തകർക്കുകയും മുസ്‌ലിം സ്ഥാപനങ്ങൾ കൊള്ളയടിക്കുകയും വീടുകൾ നശിപ്പിക്കുകയും ചെയ്തത്. പൊലീസ് ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു. അക്രമത്തിനിരയായവർക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ലെന്നും കോഴിക്കോട്ട് ചേർന്ന ലീഗ് ദേശീയ ഉപദേശക സമിതിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗം കുറ്റപ്പെടുത്തി.

യു.പി തെരഞ്ഞെടുപ്പ്, അസം കുടിയൊഴിപ്പിക്കൽ, ദേശീയ അംഗത്വ കാംപയിൻ, ദേശീയ ഫണ്ട് ശേഖരണം തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. കോഴിക്കോട്, ചെന്നൈ എന്നിവിടങ്ങളിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡിസംബർ മൂന്നുമുതൽ 10 വരെ ദേശീയതലത്തിൽ ഫണ്ട് ശേഖരണ കാംപയിൻ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളുടെ ചുമതല ഭാരവാഹികൾക്ക് നൽകി.

ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, അഡ്വ. ഇഖ്ബാൽ അഹമ്മദ്, ഖുർറം അനീസ് ഉമർ, കെ.പി.എ മജീദ് എം.എൽ.എ, പി.എം.എ സലാം, അഡ്വ. നൂർബിന റഷീദ്, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്റഫലി, എസ്.എച്ച് മുഹമ്മദ് അർഷദ്, ഡോ. മതീൻ ഖാൻ, കെ.എ.എം അബൂബക്കർ, നവാസ് കനി എം.പി, മുഹമ്മദ് തൗസീഫ്, എം.എസ്.എ ഷാജഹാൻ, എം. അബ്ദുൽ റഹ്‌മാൻ, എം.പി മൊയ്തീൻ കോയ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story