ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ ക്രമക്കേട് കേസ്; നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ ക്രമക്കേട് കേസിൽ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങൾ ഫോറൻസിക് റിപ്പോർട്ടിലുണ്ടായിരുന്നു
കൊച്ചി: തൊണ്ടിമുതൽ ക്രമക്കേട് കേസിൽ നെടുമങ്ങാട് മജിസട്രേറ്റ് കോടതിയോട് ഹൈക്കോടതി റിപ്പോർട്ട് തേടി. അതേസമയം, വിചാരണ വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഹരജിക്ക് പിന്നിൽ ഗൂഢാലോചനയാണ്. നിരവധി കേസുകൾ ഇത്തരത്തിൽ കെട്ടികിടക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
എന്നാൽ, എങ്ങനെയാണ് ഈ കേസ് അവഗണിക്കാനാവുകയെന്ന് കോടതി ചോദിച്ചു. മൂന്നാം കക്ഷിക്ക് മറ്റ് താൽപ്പര്യങ്ങൾ ഉണ്ടെങ്കിൽ തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അവഗണിക്കാനാകുമോ ?. ഹരജി നിലനിൽക്കുമോ എന്നത് വിശദമായി പരിഗണിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.രണ്ടാഴ്ചക്കക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും.
മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ ക്രമക്കേട് കേസിൽ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയതിന്റെ വിശദാംശങ്ങൾ ഫോറൻസിക് റിപ്പോർട്ടിലുണ്ടായിരുന്നു. അടിവസ്ത്രത്തിന്റെ അടിഭാഗത്തെ തുന്നലുകളും വസ്ത്രത്തിന്റെ മറ്റു ഭാഗങ്ങളിലെ തുന്നലുകളും തമ്മിൽ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചെറുതായി വെട്ടിക്കളഞ്ഞ ഭാഗം മറ്റൊരു ഭാഗത്ത് തുന്നി കൂട്ടിച്ചേർത്തെന്നും റിപ്പോർട്ടിലുണ്ട്. നൂലിന്റെ നിറത്തിലും വ്യത്യാസമുണ്ട്. നിറത്തിൽ പ്രകടമായ വ്യത്യാസം പഴതും പുതിയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നതാണ്. 1996ൽ തിരുവനന്തപുരം ഫൊറൻസിക് ലാബ് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. കേസിൽ വഴിത്തിരിവായ ഇന്റർപോൾ കത്തും പുറത്ത് വന്നിരുന്നു. ലഹരിക്കേസിലെ തൊണ്ടിമുതൽ കോടതിയിൽ നിന്ന് മാറ്റിയെന്ന് മൊഴിലഭിച്ചെന്നാണ് കത്തിൽ പറയുന്നത്.
1996ലാണ് ആസ്ത്രേലിയൻ പൊലീസ് ഇന്റർപോൾ മുഖേന കത്ത് അയച്ചത്. 2002ൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് നീക്കം നടത്തിയെന്നും ആരോപണമുണ്ടായിരുന്നു. ലഹരിക്കടത്ത് കേസിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതൽ മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 1994ലാണ് മന്ത്രിക്കെതിരെ കേസ് എടുത്തത്. കേസ് രജിസ്റ്റർ ചെയ്ത് 28 വർഷം കഴിഞ്ഞു. 2014 മുതൽ 22 തവണയാണ് കേസ് പരിഗണിച്ച് മാറ്റിവെച്ചത്.
Adjust Story Font
16