ആന്റണി രാജുവിന് കുരുക്കായ ആ രഹസ്യം ചോർന്നത് ആസ്ത്രേലിയൻ ജയിലിൽ നിന്ന്
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി സിനിമയിലടക്കം ഇടംപിടിച്ച കേസിലെ നാൾവഴികൾ
മുപ്പത്തിനാല് വർഷം മുമ്പ് തൊണ്ടിമുതൽ മാറ്റിയ കേസിലാണ് മുൻമന്ത്രിയും എൽഡിഎഫ് എംഎൽഎയുമായ ആന്റണി രാജുവിനോട് സുപ്രിം കോടതി വിചാരണനേരിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നരപതിറ്റാണ്ട് മുമ്പത്തെ കുറ്റകൃത്യം പുറംലോകത്തെയറിയിച്ചത് ആസ്ത്രേലിയൻ ജയിലിൽ നിന്ന് ചോർന്ന രഹസ്യവിവരമാണ്.
1990 ഏപ്രിൽ നാലിനാണ് ആസ്ത്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് വിമാനം കയറാനെത്തുന്നത്. അടിവസ്ത്രത്തിൽ 61.6 ഗ്രാം ഹഷീഷ് ഒളിപ്പിച്ചെത്തിയ ആൻഡ്രൂ കസ്റ്റംസ് പരിശോധനയിൽ കുടുങ്ങുകയായിരുന്നു. കേസും നിയമനടപടികളും ആരംഭിച്ചതോടെ ആൻഡ്രൂവിനുവേണ്ടി അഭിഭാഷകയായ ലിൻ വിൽഫ്രഡിന്റെ ജൂനിയറായിരുന്ന അഭിഭാഷകൻ ആന്റണി രാജു ഹാജരായി. പൊലീസ് കസ്റ്റഡിയിലെടുത്ത ആൻഡ്രൂവിന്റെ വസ്തുവകകൾ തിരിച്ചുകൊടുക്കാനുള്ള ഉത്തരവിന്റെ മറവിൽ കേസിലെ പ്രധാന തെളിവായ അടിവസ്ത്രവും കോടതി ജീവനക്കാരൻ ആന്റണി രാജുവിന് കൈമാറി. പകരം ചെറിയ അടിവസ്ത്രം ആന്റണി രാജു തിരികെ നൽകി, അത് കോടതി ജീവനക്കാരൻ തൊണ്ടിമുതലിനൊപ്പം വെച്ചു.
വിചാരണകൾക്കൊടുവിൽ സെഷൻസ് കോടതി ആൻഡ്രുവിന് 10 വർഷം തടവും ഒരു ലക്ഷം പിഴയും ശിക്ഷിച്ചു. എന്നാൽ കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് പറഞ്ഞ് 1991 ഫെബ്രുവരി അഞ്ചിന് ഹൈകോടതി കുറ്റവാളിയെ വെറുതെവിട്ടു. പ്രതിയെ അടിവസ്ത്രം ധരിപ്പിച്ച് നോക്കിയ ശേഷമാണ് കോടതി വെറുതെ വിട്ടത്. ഇതിന് പിന്നാലെ പ്രതി രാജ്യം വിട്ടു.
എന്നാൽ തെളിവ് നശിപ്പിച്ചതാകാമെന്ന് നിരീക്ഷിച്ച ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. യഥാർഥ അടിവസ്ത്രം കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ ജൂനിയർ അഭിഭാഷകൻ ആന്റണി രാജു എടുത്തുമാറ്റിയെന്നും കണ്ടെത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശിരസ്താദർ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ഒന്നാം പ്രതി കോടതി ക്ലർക്ക് ജോസിനും രണ്ടാം പ്രതി ആന്റണി രാജുവിനുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം 2006 മാർച്ച് 24ന് കുറ്റപത്രം സമർപ്പിച്ചു.
വിചാരണയുമായി നെടുമങ്ങാട് കോടതി മുന്നോട്ട് പോവുകയും കുറ്റം ചുമത്തുകയും ചെയ്തപ്പോൾ ഇരുവരും 2022ൽ കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചു. ആന്റണി രാജു ഉയർത്തിയ സാങ്കേതിക തടസ്സവാദങ്ങൾ അംഗീകരിച്ച് സമർപ്പിച്ച കുറ്റപത്രത്തിലെ തുടർനടപടി തടഞ്ഞ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു.
അതിനിടയിൽ കേസിൽ നിന്ന് രക്ഷപ്പെട്ട് ആസ്ത്രേലിയിലേക്ക് കടന്ന ആൻഡ്രൂ അവിടെ ഒരു കൊലക്കേസിൽ പ്രതിയായി തടവിൽ കഴിയുകയായിരുന്നു. ജയിലിലിരുന്ന് കുറ്റകൃത്യപരമ്പരകൾ സഹപ്രവർത്തകരോട് തള്ളുന്നതിനിടയിൽ തൊണ്ടിമുതൽ മാറ്റി കേരളത്തിൽ നിന്ന് കേസിൽനിന്ന് രക്ഷപ്പെട്ട കഥയും പറഞ്ഞു. സഹതടവുകാരനിൽനിന്ന് ഈ വിവരം ആസ്ത്രേലിയൻ അന്വേഷണസംഘം അറിഞ്ഞു.
അവർ ഇന്റർപോൾ യുനിറ്റിനും അവർ സിബിഐക്കും മൊഴിരേഖപ്പെടുത്തി അയച്ചു. സിബിഐ ആ വിവരം കേരള പൊലീസിനും കൈമാറി. തുടർന്ന് കേസിൽ കൃത്രിമം നടന്നെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതി വിജിലൻസിനും പരാതി നൽകിയിരുന്നു.എന്നാൽ ആന്റണി രാജുവിനെതിരെ സമർപ്പിച്ച കുറ്റപത്രത്തിലെ വിചാരണ നടപടി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അജയനെന്ന വ്യക്തിയും പുനരന്വേഷണത്തിനുള്ള ഹൈകോടതി നിർദേശത്തിനെതിരെ ആന്റണി രാജുവും അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും ആന്റണി രാജു വിചാരണ നേരിടണമെന്നും സുപ്രീം കോടതി വിധിച്ചത്. വലിയവാർത്തയായ സംഭവം 1991 ൽ പുറത്തിറങ്ങിയ ആനവാല്‍ മോതിരം സിനിമയിൽ സമാനമായ രംഗം ആവിഷ്‌കരിച്ചിരുന്നു.
Adjust Story Font
16