Quantcast

സ്വകാര്യ ബസ് സമരം; പിടിവാശി ബസുടമകൾക്ക്, ഇനി ചർച്ചയ്ക്ക് വിളിക്കില്ലെന്ന് മന്ത്രി

ബസുടമകൾക്ക് പറയാനുള്ളത് കേൾക്കാൻ സർക്കാർ തയ്യാറാണ്. പുതിയതായി ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് അങ്ങോട്ട് വിളിക്കാത്തതെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-03-26 12:15:43.0

Published:

26 March 2022 11:19 AM GMT

സ്വകാര്യ ബസ് സമരം; പിടിവാശി ബസുടമകൾക്ക്, ഇനി ചർച്ചയ്ക്ക് വിളിക്കില്ലെന്ന് മന്ത്രി
X

തിരുവനന്തപുരം: സ്വകാര്യ ബസുടമകളെ ഇനി ചർച്ചയ്ക്ക് വിളിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുടമകളുടെ സംഘടനയിലെ ചില നേതാക്കള്‍ക്ക് സമരം തുടരണമെന്ന പിടിവാശിയാണെന്നും മന്ത്രി പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് നേരത്തെ പറഞ്ഞതാണ്. എന്നിട്ടും എന്തിനാണ് സമരമെന്നും മന്ത്രി ചോദിച്ചു. നേതാക്കള്‍ പിടിവാശി ഉപേക്ഷിച്ച് സമരം പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബസുടമകള്‍ ആദ്യം പ്രഖ്യാപിച്ചത് അവസാനത്തെ സമരമാര്‍ഗമാണ്. സമരത്തിന് പിന്നിലെ ലക്ഷ്യം വേറെയാണെന്നും തങ്ങൾ സമരം ചെയ്തിട്ടാണ് നിരക്ക് കൂട്ടിയത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണെന്നും മന്ത്രി ആരോപിച്ചു. സമരം സർക്കാരിനെതിരെയല്ല, ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമെതിരെയാണ്. ബസുടമകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പുതിയതായി ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് അങ്ങോട്ട് വിളിക്കാത്തത്. നിലവില്‍ ബസുടമകൾക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

7000 ബസുകളുടെ കുറവ് നികത്താൻ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. ആകെ 6000ത്തിൽ താഴെ ബസുകളാണുള്ളത്. എന്നാല്‍, കഴിവിന്‍റെ പരമാവധി സർവീസുകൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രി തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സർവീസ് നടത്തും. ഡിപ്പോകളിൽ യാത്രക്കാർ എത്തുകയാണെങ്കിൽ യാത്രാ സൗകര്യം ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, യാത്രാനിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്. ഗതികേട് കൊണ്ടാണ് സമരം നടത്തുന്നതെന്നും സർക്കാറിനോടുള്ള ഏറ്റുമുട്ടലല്ലെന്നും ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രതിനിധികള്‍ വ്യക്തമാക്കി. സമരം അതിജീവന പോരാട്ടമാണ്. സർക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു. ഗതാഗതവകുപ്പ് മന്ത്രിയുടെ പിടിവാശികൊണ്ടുണ്ടായ സമരമാണിതെന്നും മന്ത്രിക്ക് ചിറ്റമ്മ നയമാണെന്നും ബസുടമകള്‍ ആരോപിച്ചു.

സമര ദിവസങ്ങളിൽ കെ.എസ്.ആര്‍.ടി.സിയിൽ വിദ്യാഥികൾക്ക് കൺസഷൻ ടിക്കറ്റിൽ എന്തുകൊണ്ട് സർക്കാർ യാത്ര അനുവദിക്കുന്നില്ല, മന്ത്രി അതിന് തയ്യറാകണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. 30ാം തീയതി ഇടതുമുന്നണി യോഗം ചേരുമ്പോൾ എല്ലാ ജില്ലയിലും പ്രതിഷേധം നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി.

TAGS :

Next Story