ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് പിൻമാറി മന്ത്രി ആന്റണി രാജു
ജില്ലയിലെ മറ്റ് മൂന്ന് പരിപാടികളിൽ മന്ത്രി പങ്കെടുക്കും
തിരുവനന്തപുരം: ലത്തീൻ സഭയുടെ പരിപാടിയിൽ നിന്ന് മന്ത്രി ആന്റണി രാജു പിൻമാറി. കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടിയിൽ നിന്നാണ് പിൻമാറ്റം. ഔദ്യോഗിക തിരക്കുകൾ കാരണം എത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ജില്ലയിലെ മറ്റ് മൂന്ന് പരിപാടികളിൽ മന്ത്രി പങ്കെടുക്കും.
അതേസമയം ഒരു മന്ത്രിയും വിഴിഞ്ഞം സമരക്കാരെ തീവ്രവാദിയെന്ന് വിളിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സമരക്കാരുമായുള്ള ചർച്ചയ്ക്ക് സർക്കാർ വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും ആന്റണി രാജു പറഞ്ഞു.
എന്നാൽ വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കാനാകില്ലെന്ന് ആവർത്തിക്കുകയാണ് സർക്കാർ. കമ്മീഷൻ അടുത്ത ഘട്ടത്തിൽ പദ്ധതി നിർത്തിവെക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും പദ്ധതി ആരംഭിച്ച് ഏഴ് വർഷത്തിന് ശേഷമാണ് തുറമുഖത്തിനെതിരായ സമരമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. തീരദേശം സംരക്ഷിക്കണമെന്നത് സർക്കാർ നയമാണ്. സമരക്കാർ ചില തെറ്റായ രീതികൾ സ്വീകരിക്കുന്നുണ്ടെന്നും പി രാജീവ് കുറ്റപ്പെടുത്തി .
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ അറസ്റ്റിലേക്ക് കടക്കുകയാണ് പൊലീസ്. തിരിച്ചറിഞ്ഞവരുടെ പട്ടിക പൊലീസ് തയ്യാറാക്കി. അറസ്റ്റിലേക്ക് കടക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങളും ആരഭിച്ചു. ആദ്യഘട്ടത്തിൽ സ്ത്രീകളെ അറസ്റ്റ് ചെയ്യരുതെന്നാണ് നിർദേശം. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ പൊലീസുകാരോട് സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമരക്കാരുമായി തത്ക്കാലത്തേക്ക് ഇനി ചർച്ചകൾ തുടരേണ്ടെന്നാണ് സർക്കാർ തലത്തിലെ തീരുമാനം
Adjust Story Font
16