പാർട്ടി കുറിപ്പിന് ഏഴ് മണിക്കൂറിൽ കിട്ടിയതിന്റെ പത്തിരട്ടി റിയാക്ഷൻ ഒരു മണിക്കൂറിൽ അൻവറിന്റെ പുതിയ പോസ്റ്റിന്
ഓരോ സെക്കൻഡിലും ഇതിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും പൊലീസിലെ ഉന്നതർക്കുമെതിരെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും ഉയർത്തിയ പി.വി അൻവറിനെതിരായ സിപിഎം നിലപാട് വ്യക്തമാക്കുന്ന പോസ്റ്റിനേക്കാൾ പത്തിരട്ടിയിലേറെ റിയാക്ഷൻ എംഎൽഎയുടെ പുതിയ പോസ്റ്റിന്. പി.വി അൻവർ എംഎൽഎക്ക് എതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയ്ക്ക് ഫേസ്ബുക്കിൽ ഏഴ് മണിക്കൂറിൽ ലഭിച്ച റിയാക്ഷന്റെ പത്തിരട്ടിയോളം റിയാക്ഷനാണ് അൻവറിന്റെ കുറിപ്പിന് കേവലം ഒരു മണിക്കൂറിനിടെ ലഭിച്ചത്.
ഏഴ് മണിക്കൂറിൽ വെറും രണ്ടായിരം റിയാക്ഷനാണ് പാർട്ടി കുറിപ്പിന് ലഭിച്ചതെങ്കിൽ ഒരു മണിക്കൂർ കൊണ്ട് അൻവറിന്റെ മറുപടി പോസ്റ്റിന് 21,000 റിയാക്ഷനാണ് ലഭിച്ചത്. ഓരോ സെക്കൻഡിലും ഇതിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അൻവറിന്റെ നിലപാടിൽ പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും അൻവർ പിന്തിരിയണമെന്ന് അഭ്യർഥിക്കുന്നു എന്നുമാണ് പാർട്ടി പോസ്റ്റ്. മൂന്ന് തവണയാണ് ഈ പോസ്റ്റിൽ പാർട്ടി തിരുത്തൽ വരുത്തിയത്. അഭ്യർഥന പിന്നീട് നിർദേശമാക്കിയെങ്കിലും ഒടുവിൽ വീണ്ടും അഭ്യർഥനയിലേക്ക് തന്നെ സിപിഎം തിരിച്ചെത്തി.
എന്നാൽ, പാർട്ടി കൂടി തള്ളിപ്പറഞ്ഞതോടെയാണ് അൻവർ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. പാർട്ടി തീരുമാനത്തിന് വഴങ്ങാൻ തയാറായ അൻവർ, പരസ്യ പ്രസ്താവന തത്കാലം നിർത്തുകയാണെന്നും പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും കുറിപ്പിൽ പറയുന്നു. നീതി ലഭിക്കും എന്ന് ഉറപ്പുണ്ട്. പാർട്ടിയാണ് എല്ലാത്തിനും മുകളിൽ. സാധാരണക്കാരായ ജനങ്ങളാണ് പാർട്ടിയുടെ അടിത്തറയെന്നും അൻവർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
പൊലീസിലെ പുഴുക്കുത്തുകൾക്ക് എതിരെയാണ് പ്രവർത്തിച്ചതെന്നും സാധാരണക്കാരായ പാർട്ടി അണികളുടെയും പൊതുസമൂഹത്തിൻ്റേയും നന്മക്കായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. താൻ ചെയ്ത കാര്യങ്ങളിൽ കുറ്റബോധമില്ല, പിറകോട്ടുമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു. എന്നാൽ കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞ അൻവർ അജിത് കുമാറിനെ വീണ്ടും ലക്ഷ്യം വയ്ക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16