തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം, മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി; അൻവറിന് പി. ശശിയുടെ വക്കീൽ നോട്ടീസ്
പാർട്ടിക്ക് നൽകിയ പരാതിയിലെയും പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും നടത്തിയ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യം
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎക്ക് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വക്കീൽ നോട്ടീസ് അയച്ചു. അൻവർ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നോട്ടീസിൽ ശശി പറഞ്ഞു. മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണങ്ങൾ തന്നെ തേചോവധം ചെയ്യാനാണെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മുതിർന്ന അഭിഭാഷകൻ കെ.വിശ്വൻ മുഖേനയാണ് നോട്ടീസ് അയച്ചത്
ശശിക്കെതിരെ സിപിഎമ്മിന് നൽകിയ പരാതി കഴിഞ്ഞ ദിവസം അൻവർ പുറത്തുവിട്ടിരുന്നു. ശശി വിലയ സാമ്പത്തിക തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ വരുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ നമ്പർ വാങ്ങിവെക്കുന്നുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങൾ അൻവർ ശശിക്കെതിരെ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശി വക്കീൽ നോട്ടീസിലൂടെ ആവശ്യപ്പെടുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അൻവർ ശശിക്കെതിരെ നൽകിയ പരാതി പരസ്യപ്പെടുത്തിയത്.
ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ശശിയുടെ ആവശ്യം.
Adjust Story Font
16