Quantcast

ഇവിടെ എന്തും സംഭവിക്കാം; 27 മണ്ഡലങ്ങളിൽ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെ

2016ൽ ഏറ്റവും കുറവ് വോട്ടിന് ജയിച്ചത് കോൺഗ്രസിന്റെ വടക്കാഞ്ചേരി സ്ഥാനാർത്ഥി അനിൽ അക്കരയാണ്. 42 വോട്ടിനായിരുന്നു ജയം

MediaOne Logo

Web Desk

  • Published:

    1 May 2021 11:43 AM GMT

ഇവിടെ എന്തും സംഭവിക്കാം; 27 മണ്ഡലങ്ങളിൽ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെ
X

കോഴിക്കോട്: സംസ്ഥാനത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അതിനിർണായകമാകുക മുപ്പതോളം സീറ്റുകൾ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അയ്യായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷമുള്ള 27 മണ്ഡലങ്ങൾ ഇത്തവണ എങ്ങോട്ട് ചായും എന്ന് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നു.

2016ൽ ഏറ്റവും കുറവ് വോട്ടിന് ജയിച്ചത് കോൺഗ്രസിന്റെ വടക്കാഞ്ചേരി സ്ഥാനാർത്ഥി അനിൽ അക്കരയാണ്. ഇടത് സ്ഥാനാർത്ഥി മേരി തോമസിനെയാണ് അനിൽ നേരിയ 43 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണയും സംസ്ഥാനം ഉറ്റുനോക്കുന്ന ഫലമാണ് വടക്കാഞ്ചേരിയിലേത്. കോൺഗ്രസിനായി വീണ്ടും അനിൽ അക്കര ജനവിധി തേടുമ്പോൾ എൽഡിഎഫിനായി മത്സരരംഗത്തുള്ളത് സേവ്യർ ചിറ്റിലപ്പള്ളിയാണ്. ബിജെപിക്കായി ടിഎസ് ഉല്ലാസ് ബാബുവും.

കഴിഞ്ഞ തവണയുണ്ടായ ഇടത് തരംഗത്തിൽ തൃശൂർ ജില്ലയിൽ നിന്ന് കിട്ടിയ ഏക സീറ്റാണ് വടക്കാഞ്ചേരി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദമാണ് മണ്ഡലത്തെ സംസ്ഥാന ശ്രദ്ധയിലേക്കുയർത്തിയത്.

89 വോട്ടുകൾക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പരാജയപ്പെട്ട മഞ്ചേശ്വരമാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം. മുസ്‌ലിംലീഗിലെ പിബി അബ്ദുൽറസാഖായിരുന്നു വിജയി. എന്നാൽ 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗ് 7923 വോട്ടായി ഭൂരിപക്ഷം ഉയർത്തി. ഇത്തവണ ലീഗിനായി യുവനേതാവ് എ.കെ.എം അഷ്‌റഫാണ് മത്സരരംഗത്തുള്ളത്. ബിജെപിക്കായി സുരേന്ദ്രൻ വീണ്ടും അങ്കത്തിനെത്തുമ്പോൾ സിപിഎം ടിക്കറ്റിൽ മത്സരിക്കുന്നത് കാസർക്കോട് ജില്ലാ കമ്മിറ്റി അംഗം വിവി രമേശനാണ്.

2016ൽ സിപിഐ ജയിച്ച പീരുമേട് മണ്ഡലത്തിൽ ഇഎസ് ബിജിമോൾക്ക് കിട്ടിയത് 314 വോട്ടിന്റെ ഭൂരിപക്ഷമാണ്. കോൺഗ്രസിന്റെ സിറിയക് തോമസിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ഇത്തവണ വാഴൂർ സോമനെയാണ് സിപിഐ കളത്തിലിറക്കിയിട്ടുള്ളത്. സിറിയക് തോമസ് തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥി. എൻഡിഎയ്ക്കായി ശ്രീനഗരി രാജനും. ഇത്തവണ പീരുമേട്ടിൽ സിപിഐ വിജയപ്രതീക്ഷ വയ്ക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

കൊടുവള്ളിയിൽ എൽഡിഎഫ് സ്വതന്ത്രൻ കാരാട്ട് റസാഖ് മുസ്‌ലിംലീഗിലെ എംഎ റസാഖിനെ തോൽപ്പിച്ചത് 573 വോട്ടിനാണ്. എന്നാൽ ഇത്തവണ ലീഗിലെ മുതിർന്ന നേതാവ് എംകെ മുനീറാണ് കൊടുവള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി. എൽഡിഎഫിനായി റസാഖ് തന്നെ. മുനീറിന്റെ സ്ഥാനാർത്ഥിത്വത്തോടെ തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ്.

579 വോട്ടിന് ലീഗിലെ മഞ്ഞളാംകുഴി അലി ജയിച്ച പെരിന്തൽമണ്ണയാണ് 2016ലെ നേർത്ത ഭൂരിപക്ഷമുള്ള മറ്റൊരു മണ്ഡലം. അലി ഇത്തവണ മങ്കടയിലേക്ക് ചേക്കേറി. പകരം മണ്ഡലത്തിൽ യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം വന്നു. യുവത്വത്തിന്റെ പ്രസരിപ്പിൽ പെരിന്തൽമണ്ണ നിലനിർത്തുമെന്ന് തന്നെയാണ് ലീഗിന്റെ കണക്കുകൂട്ടൽ. മുഹമ്മദ് മുസ്തഫയാണ് എൽഡിഎഫ് സ്ഥാനാർത്ഥി.

849 വോട്ടിന് സിപിഎമ്മിലെ ഐബി സതീഷ് വിജയിച്ച കാട്ടാക്കടയിലും ഇത്തവണ കടുത്ത മത്സരമാണ്. സതീഷ് തന്നെയാണ് സ്ഥാനാർത്ഥി. യുഡിഎഫിനായി മലയിൻകീഴ് വേണുഗോപാലും എൻഡിഎയ്ക്കു വേണ്ടി പികെ കൃഷ്ണദാസും മത്സരരംഗത്തുണ്ട്.

2016ൽ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങൾ

ആയിരം വോട്ടിന് താഴെ ജയിച്ചവർ

വടക്കാഞ്ചേരി - 43

അനിൽ അക്കര (കോൺഗ്രസ്)

മഞ്ചേശ്വരം - 89

പിബി അബ്ദുൽ റസാഖ് (മുസ്‌ലിംലീഗ്)

പീരുമേട് - 314

ഇഎസ് ബിജി മോൾ (സിപിഐ)

കൊടുവള്ളി - 573

കാരാട്ട് റസാഖ് (സിപിഎം സ്വതന്ത്രൻ)

പെരിന്തൽമണ്ണ - 579

മഞ്ഞളാകുഴി അലി (മുസ്‌ലിംലീഗ്)

കാട്ടാക്കട- 849

ഐബി സതീഷ് (സിപിഎം)

1000-2000 വോട്ടിനിടയിൽ

കൊച്ചി - 1086

കെജെ മാക്‌സി (സിപിഎം)

ഉടുമ്പൻചോല

എംഎം മണി (സിപിഎം) - 1109

കുറ്റ്യാടി - 1157

പാറക്കൽ അബ്ദുല്ല (മുസ്‌ലിംലീഗ്)

കണ്ണൂർ - 1196

കടന്നപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ് എസ്)

മാനന്തവാടി - 1307

ഒആർ കേളു (സിപിഎം)

മങ്കട - 1508

ടിഎ അഹമ്മദ് കബീർ (മുസ്‌ലിംലീഗ്)

കരുനാഗപ്പള്ളി- 1759

ആർ രാമചന്ദ്രൻ (സിപിഐ)

ചങ്ങനാശ്ശേരി - 1849

സിഎഫ് തോമസ് (കേരള കോൺ.എം)

2000-3000 വോട്ടിനിടയിൽ

അഴീക്കോട് - 2287

കെഎം ഷാജി (മുസ്‌ലിം ലീഗ്)

വർക്കല - 2386

വി ജോയ് (സിപിഎം)

കോവളം - 2615

എം വിൻസന്റ് (കോൺഗ്രസ്)

കുന്നത്തുനാട് - 2679

വിപി സജീന്ദ്രൻ (കോൺഗ്രസ്)

ഇരിഞ്ഞാലക്കുട - 2711

കെയു അരുണൻ (സിപിഎം)

3000-4000 വോട്ടിനിടയിൽ

തിരുവമ്പാടി - 3008

ജോർജ് എം തോമസ് (സിപിഎം)

നെടുമങ്ങാട് - 3621

സി ദിവാകരൻ (സിപിഐ)

ഉദുമ - 3832

കെ കുഞ്ഞിരാമൻ (സിപിഎം)

കാഞ്ഞിരപ്പള്ളി - 3890

എൻ ജയരാജ് (കേരള കോൺ. എം)

4000-5000 വോട്ടിനിടയിൽ

പേരാമ്പ്ര - 4101

ടിപി രാമകൃഷ്ണൻ (സിപിഎം)

തൃപ്പൂണിത്തുറ - 4467

എം സ്വരാജ് (സിപിഎം)

പാലാ - 4703

കെഎം മാണി (കേരള കോൺ. എം)

നാദാപുരം - 4759

ഇകെ വിജയൻ (സിപിഐ)

കുട്ടനാട് - 4891

തോമസ് ചാണ്ടി (എൻസിപി)

TAGS :

Next Story