Quantcast

സംസ്ഥാനത്തെ രണ്ട് വി.സിമാരുടെ നിയമനം അസാധു ആയേക്കും

കെ.ടി.യു വിസിയുടെ അധിക ചുമതല കൂടിയുള്ളതിനാൽ അച്ചടക്ക നടപടി ഉണ്ടായാൽ അവിടെയും പുതിയ ഒരാളെ കണ്ടെത്തേണ്ടിവരും.

MediaOne Logo

Web Desk

  • Published:

    28 April 2024 1:11 AM GMT

Appointment of two VCs in the state may be invalid
X

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് വൈസ് ചാൻസലർമാരുടെ നിയമനം അസാധു ആവാൻ സാധ്യത. സാങ്കേതിക സർവകലാശാല വി.സി സജി ഗോപിനാഥ്, വെറ്ററിനറി സർവകലാശാല വി.സി ഡോ. എം.ആർ ശശീന്ദ്രനാഥ് എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി മണക്കുന്നത്. നിയമനം സംബന്ധിച്ച് യുജിസിയുടെ വിശദീകരണം എതിരായതാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വി.സി സജി ഗോപിനാഥിന് തിരിച്ചടിയാവുന്നത്.

കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതോടെ വെറ്ററിനറി സർവകലാശാല വി.സിയുടെ സ്ഥാനവും നഷ്ടമായേക്കും. യുജിസി നോമിനിയെ ഒഴിവാക്കി നിയമനം നൽകിയത് ചട്ടവിരുദ്ധമാണ് എന്ന് കാണിച്ച് ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

നിലവിൽ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിൽ ഉള്ള വി.സി എന്തുതന്നെ വിശദീകരണം നൽകിയാലും അത് അച്ചടക്ക നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത. കാരണം സമാനമായി നിയമനം ലഭിച്ച ഫിഷറീസ് വൈസ് ചാൻസലറെ ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി പുറത്താക്കിയത്. ഓപ്പൺ- ഡിജിറ്റൽ സർവകലാശാല വി.സിമാരുടെ കാര്യത്തിൽ യുജിസിയുടെ ഭാഗം കൂടി കേട്ട ശേഷം നടപടിയെടുക്കാം എന്നായിരുന്നു ഗവർണറുടെ നിലപാട്.

ആദ്യ വി.സിമാരെ സർക്കാർ ശുപാർശ പ്രകാരം സേർച്ച്‌ കമ്മിറ്റി കൂടാതെ നിയമിക്കാമെങ്കിലും അംഗീകാരം ലഭിച്ചശേഷം ചട്ടമനുസരിച്ച് നിയമനം നടത്തണം എന്നതാണ് വിഷയത്തിൽ യുജിസിയുടെ മറുപടി. ഇതോടെ ഡിജിറ്റൽ വി.സി സജി ഗോപിനാഥിന്റെ നില പരുങ്ങലിലായി. ഏതുസമയം വേണമെങ്കിലും അദ്ദേഹത്തെ പുറത്താക്കികൊണ്ടുള്ള തീരുമാനം ഉണ്ടായേക്കാം.

കെ.ടി.യു വിസിയുടെ അധിക ചുമതല കൂടിയുള്ളതിനാൽ അച്ചടക്ക നടപടി ഉണ്ടായാൽ അവിടെയും പുതിയ ഒരാളെ കണ്ടെത്തേണ്ടിവരും. ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ മുബാറക് പാഷ നേരത്തെ തന്നെ രാജി നൽകിയതിനാൽ നടപടി അദ്ദേഹത്തിന് ബാധകമാവില്ല.

TAGS :

Next Story