ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു
കോടതി നിർദേശാനുസരണം ഏലക്ക ചേർക്കാത്ത അരവണയാണ് തയ്യാറാക്കിയത്
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഇന്ന് പുലർച്ചെ 3 മുതലാണ് കൗണ്ടറുകളിൽ അരവണ ലഭ്യമാക്കിയത്. ഒരാൾക്ക് വാങ്ങാനാവുന്ന അരവണ ടിന്നുകളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് നിലവിൽ വിൽപന. അരവണ നിർമാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ കീടനാശിനി സാന്നിധ്യം പരിധിയിൽ കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അരവണ വിതരണം നേരത്തെ നിർത്തിവെച്ചത്. കോടതി നിർദേശാനുസരണം ഏലക്ക ചേർക്കാത്ത അരവണയാണ് തയ്യാറാക്കിയത്. പരമാവധി 2,40,000 ടിൻ അരവണയാണ് പ്ലാന്‍റിന്‍റെ ശേഷി. ഏലക്ക ചേർത്ത് തയ്യാറാക്കിയ 7,07,153 ടിൻ അരവണ സ്റ്റോക്കുണ്ട്. ഇത് ഗോഡൗണിൽ സൂക്ഷിച്ചിട്ടുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള ഏലയ്ക്ക ലഭിക്കുന്നതിന് ദേവസ്വം ബോർഡ് സ്പൈസസ് ബോർഡിനെ സമീപിച്ചിട്ടുണ്ട്.
അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്ന് അരവണ വിതരണം നിർത്തിവയ്ക്കാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇത്തരം അരവണയുടെ സാംപിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കില്‍ ഏലയ്ക്ക ഇല്ലാതെയോ അരവണ നിർമിക്കാം. ഇക്കാര്യത്തിൽ സ്പൈസസ് ബോർഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Adjust Story Font
16