കേരളത്തിലും സി.എ.എ നടപ്പാക്കാൻ അഭയാർത്ഥികളായി വന്ന അമുസ്‌ലിംകളുണ്ടോ? ചോദ്യവുമായി എസ്‌കെഎസ്എസ്എഫ് നേതാവ്
കൊല്ലത്ത് ജയിൽ റെഡിയാണെന്ന് കെ. സുരേന്ദ്രൻ തട്ടിവിടുന്നുണ്ടെന്നും ഭയപ്പെടുത്തിയും നുണ പറഞ്ഞും അന്നന്നേക്കുള്ള വഴി തേടുന്ന സാമൂഹ്യ ദുരന്തങ്ങളാണിവരെന്നും സത്താർ പന്തല്ലൂർ
പൗരത്വഭേദഗതി നിയമം (സി.എ.എ) കേരളത്തിലും നടപ്പാക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നതെന്നും എന്നാൽ പാകിസ്താൻ, അഫ്ഗാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് അഭയാർത്ഥികളായി വന്ന അമുസ്‌ലിംകൾ ഇവിടെയുണ്ടെയെന്നും എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. അത്തരം ആളുകളില്ലാതിരിക്കെ എന്ത് നടപ്പാക്കുമെന്നാണ് അമിത് ഷാ പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു. ക്രൂരമായ വംശീയ കലാപത്തിൽ നിന്ന് നാട് വിട്ടോടി എത്തിയ ശ്രീലങ്കൻ ഹിന്ദുക്കൾ കേരളത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടെന്നും അവർക്ക് സി.എ.എയുടെ ആനുകൂല്യം കിട്ടുന്നില്ലെന്നും സത്താർ പന്തല്ലൂർ ചൂണ്ടിക്കാട്ടി. കൊല്ലത്ത് ജയിൽ റെഡിയാണെന്ന് കെ. സുരേന്ദ്രൻ തട്ടിവിടുന്നുണ്ടെന്നും ഭയപ്പെടുത്തിയും നുണ പറഞ്ഞും അന്നന്നേക്കുള്ള വഴി തേടുന്ന സാമൂഹ്യ ദുരന്തങ്ങളാണിവരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാർച്ച് 11നാണ് പൗരത്വഭേദഗതി നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തത്. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. 2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്. രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ അന്ന് തന്നെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു. വിജ്ഞാപനം വന്നതോടെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുകയാണ്.
Adjust Story Font
16