'അരിക്കൊമ്പനെ വിടാൻ പറമ്പിക്കുളമല്ലാതെ വേറെ ഇടമുണ്ടെങ്കിൽ സർക്കാരിന് അറിയിക്കാം'- ഹൈക്കോടതി
അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബുവിന്റെ പുന:പരിശോധന ഹരജി കോടതി തള്ളി
എറണാകുളം- ചിന്നക്കനാലിൽ പ്രദേശവാസികളെ ഭീതിയിലാക്കിയ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കും. അരിക്കൊമ്പൻ പുനരധിവാസത്തിൽ തീരുമാനം പുനഃപരിശോധിക്കില്ല, പറമ്പിക്കുളത്തിന് പുറത്ത് മറ്റൊരു സ്ഥലമുണ്ടെങ്കിൽ സർക്കാരിന് അറിയിക്കാമെന്നും കോടതി. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ എതിർക്കില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചക്കകം സർക്കാർ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബുവിന്റെ പുനഃപരിശോധന ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. പറമ്പിക്കുളത്തേക്ക് ആനയെ മാറ്റുമ്പോൾ ടൈഗർ റിസർവിന്റെ പുറത്തുള്ളവർ ആശങ്കപ്പെടേണ്ട ആവശ്യമില്ലല്ലോ. പറമ്പിക്കുളം ടൈഗർ റിസർവിനകത്തേക്ക് ജനങ്ങൾ കയറാറുണ്ടോ എന്നും കോടതി ചോദിച്ചു. ആനയെ തമിഴ്‌നാട്ടിലേക്ക് വിടാൻ പറ്റില്ലല്ലോ എന്ന് ചോദിച്ച കോടതി പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം കോടതി സ്വമേധയാ എടുത്തതല്ലെന്നും തീരുമാനമെടുത്തത് വിദഗ്ധ സമിതിയാണെന്നും ചൂണ്ടിക്കാട്ടി. അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്ത്യാർ കൂടം പരിഗണനയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമർശിച്ചു.
ഈ വിഷയത്തിൽ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന് കോടതി പറഞ്ഞു. എല്ലാ കാട്ടാനകളെയും പിടികൂടാനാകുമോ, കാടുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റമാകില്ലേ അത്. ഇന്ന് അരിക്കൊമ്പൻ, ചക്കക്കൊമ്പനും മറ്റ് കൊമ്പനും അവിടെ തന്നെ തുടരുകയാണ്. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണ്, എന്നാൽ പിടികൂടിയതിന് ശേഷമുള്ള ആനയുടെ ദുരിതത്തെ പറ്റി ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ..ആനയെ സ്ഥിരമായി പിടികൂടാതെയുള്ള പ്രശ്‌ന പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നും ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവർ പറഞ്ഞു.
പറമ്പിക്കുളത്ത് ആകെയുള്ള മൂന്ന് റേഷൻ കടകളും അരിക്കൊമ്പനെത്തിയാൽ നശിപ്പിക്കുമെന്ന ആശങ്ക ഉണ്ടെന്ന് നന്മാറ എംഎൽഎ പറഞ്ഞു. ആനയെ അഗസ്ത്യാർകൂടത്തേക്ക് മാറ്റിക്കൂടേ എന്ന് എംഎൽഎ ചോദിച്ചു. അപ്പോൾ പിന്നെ ഇത് മറ്റുള്ളവരുടെ തല വേദനയാകില്ലേയെന്ന് കോടതി ചോദിച്ചു. ഇതെല്ലാം സർക്കാരിനോട് പറയൂവെന്നും കോടതി പറഞ്ഞു. ആനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ തീരുമാനിക്കട്ടയെന്ന് കോടതി ചൂണ്ടിക്കാട്ടി. അരിക്കൊമ്പൻ വിഷയം ഈ മാസം 19 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
Adjust Story Font
16