അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവ്: പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും
അരിക്കൊമ്പനെ പിടികൂടിയാൽ ഘടിപ്പിക്കാനുള്ള ജി.പി.എസ് കോളർ കൈമാറാൻ അസ്സം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചു
പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ നെന്മാറ എംഎൽഎ കെ.ബാബു സമർപ്പിച്ച പുനപരിശോധന ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉച്ചയ്ക്ക് 1.45നാണ് ഹർജി പരിഗണിക്കുക.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് അശാസ്ത്രിയമെന്നാണ് ഹർജിയിലെ വാദം. ആദിവാസികൾ ഉൾപ്പടെ പറമ്പിക്കുളം നിവാസികൾ ആശങ്കയിലാണ്. അതിനാൽ പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് പരിശോധിക്കണം. അരിക്കൊമ്പന്റെ സാന്നിധ്യം പറമ്പിക്കുളത്തെ ജനജീവിതം താറുമാറാക്കുമെന്നും ഹരജിയിൽ ഉണ്ട്. പറമ്പിക്കുളത്തെകുറിച്ച് വിശദമായ പഠനം വിദഗ്ധ സമിതി നടത്തിയില്ലെന്നാണ് ആരോപണം.
അരിക്കൊമ്പനെ പിടികൂടിയാൽ ഘടിപ്പിക്കാനുള്ള ജി.പി.എസ് കോളർ കൈമാറാൻ അസ്സം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചു. കേരളത്തിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് അസമിലേക്ക് പുറപ്പെടും. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം ദൗത്യം നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതിലെ നിർദ്ദേശ പ്രകാരമായിരിക്കും എവിടേക്ക് മാറ്റണമെന്ന കാര്യം തീരുമാനിക്കുക.
അരിക്കൊമ്പനെ പറമ്പികുളം മുതിരച്ചാലിൽ വിടാനുള്ള തീരുമാനത്തിൽ ഹൈക്കോടതി ഉറച്ചു നിന്നാൽ സമരം ശക്തമാക്കാനൊരുങ്ങി അതിരപ്പിള്ളി പഞ്ചായത്തിലെ ജനങ്ങൾ. കോടതി ഉത്തരവ് ഉണ്ടെങ്കിലും ട്രയൽ റൺ നടത്താൻ അനുവദിക്കില്ലെന്ന് വാഴച്ചാൽ പ്രദേശത്തെ ആദിവാസികൾ വ്യക്തമാക്കി. ട്രയൽ റൺ നടത്തിയാൽ റോഡ് തടയും. അരിക്കൊമ്പനെ പ്രദേശത്ത് വിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം. മുതിരച്ചാലിൽ നിന്ന് 10 കിലോ മീറ്റർ മാത്രം ദൂരെയാണ് പെരിങ്ങകുത്ത് കോളനി.
Adjust Story Font
16