സന്ദീപ് വാര്യർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് അർജുൻ ആയങ്കിയുടെ അഭിഭാഷകന്‍
പി ജയരാജന്‍റെ സൈബർ പോരാളി ആണ് റമീസ് എന്നായിരുന്നു സന്ദീപിന്‍റെ പോസ്റ്റ്
ബി.ജെ.പി വക്താവ് സന്ദീപ് വാര്യർക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് അർജുൻ ആയങ്കിയുടെ അഭിഭാഷകൻ റമീസ്. പി ജയരാജന്‍റെ സൈബർ പോരാളി ആണ് റമീസ് എന്നായിരുന്നു സന്ദീപിന്‍റെ പോസ്റ്റ്. 'അഡ്വ. പി.കെ റമീസ് മുൻ എസ്.എഫ്.ഐ സംസ്ഥാന നേതാവ്, പി.ജയരാജന്‍റെ സൈബർ പോരാളി. കൂടാതെ അർജുൻ ആയങ്കിയുടെ അഭിഭാഷകനും. റമീസിന്‍റേത് തികച്ചും പ്രൊഫഷണൽ താൽപര്യം മാത്രം. തെറ്റിദ്ധരിക്കരുത്', എന്നിങ്ങനെയായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. സി.പി.എം നേതാവ് പി ജയരാജന്‍റെ കൂടെ റമീസ് നില്‍ക്കുന്ന ചിത്രവും റമീസിന്‍റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നുള്ള സ്ക്രീന്‍ ഷോട്ട് സഹിതവുമായിരുന്നു സന്ദീപ് വാര്യരുടെ കുറിപ്പ്. ഇതിനെതിരെയാണ് അഭിഭാഷകന്‍ റമീസ് നിയമപോരാട്ടത്തിനിറങ്ങുന്നത്.
കഴിഞ്ഞ ദിവസമാണ് രാമനാട്ടുകര സ്വര്‍ണക്കള്ളക്കടത്തിലെ പ്രധാന പ്രതിയായി കസ്റ്റംസ് പറയുന്ന അര്‍ജുന്‍ ആയങ്കി അഭിഭാഷകന്‍ അഡ്വ.പികെ റമീസിനൊപ്പം എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കമ്മീഷണറേറ്റ് ഓഫീസില്‍ ഹാജരായത്. രാത്രി എട്ടിന് അര്‍ജുന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ കസ്റ്റംസ് ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. അര്‍ജുനെതിരെ കസ്റ്റംസിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍ പി.കെ റമീസ് ഇന്നലെ വ്യക്തമാക്കിയെങ്കിലും സ്വര്‍ണക്കള്ളക്കടത്തിന്‍റെ ബുദ്ധികേന്ദ്രം അര്‍ജുന്‍ ആയങ്കിയാണെന്നാണ് കസ്റ്റംസ് കോടതിയില്‍ പറഞ്ഞത്. വാട്ട്സ്ആപ്പ് സന്ദേശങ്ങളും ശബ്ദരേഖയും ഇതിന് തെളിവാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. അർജുൻ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. രണ്ടാഴ്ചത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.
Adjust Story Font
16