'ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ട്'; ആരോപണവുമായി പിതാവ് ഉണ്ണി
സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത് എന്ന് ഉണ്ണി പറഞ്ഞു
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി. ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ സ്വർണം കവർന്ന കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് ബാലഭാസ്കറിന്റെ അച്ഛൻ ആരോപണമുന്നയിച്ചത്.
'ബാലഭാസ്കറിന്റെ മരണത്തിൽ അർജുന് പങ്കുണ്ടെന്ന സംശയം അന്ന് തന്നെ വ്യക്തമാക്കിയതാണ്. തങ്ങളുടെ വാദം ശരിയെന്ന് തെളിഞ്ഞു. സ്വർണക്കടത്ത് മാഫിയയുടെ ഇടപെടലാണ് അന്നത്തെ അപകടമുണ്ടാക്കിയത്. എന്നാൽ സിബിഐ അന്വേഷണം ആദിശയിൽ ഉണ്ടായില്ല. അർജുനാണ് വാഹനം ഓടിച്ചിരുന്നത് എന്ന് മാത്രമാണ് സിബിഐ കണ്ടെത്തിയത്. അർജുൻ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. നിയമനടപടികൾ ബാധ്യത ആവുകയാണ്' എന്ന് ബാലഭാസ്കറിന്റെ അച്ഛൻ പറഞ്ഞു.
പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന കേസിലാണ് അർജുൻ അറസ്റ്റിലായത്. പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജുനാണ്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചതും അർജുനാണ്. സ്വർണ്ണക്കടത്ത് സംഘങ്ങളുമായുള്ള അർജുന്റെ ബന്ധത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.
Adjust Story Font
16