അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്തു
14 ദിവസത്തേക്കാണ് ഫിറോസിനെ റിമാൻഡ് ചെയ്തത്
തിരുവനന്തപുരം: അറസ്റ്റിലായ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് തന്‍റെ അറസ്റ്റ് എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ശക്തമായി മുന്നോട്ട് പോവുമെന്നും ഫിറോസ് പ്രതികരിച്ചു. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഫിറോസിന്‍റെ പ്രതികരണം.
പി കെ ഫിറോസിന്റെ അറസ്റ്റിൽ പതറില്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാമ്യം കിട്ടാതിരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ജനകീയ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പാളയത്ത് വെച്ച് കന്റോൺമെന്റ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ സ്വകാര്യ സ്വത്ത് നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
യൂത്ത് ലീഗ് സംഘടിപ്പിച്ച മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. മാർച്ച് അക്രമാസക്തമായതോടെ ഗ്രനേഡും കണ്ണീർ വാതകവും അടക്കം ഉപയോഗിച്ചാണ് പൊലീസ് പ്രവർത്തകരെ പിരിച്ചുവിട്ടത്. നിലവിൽ 28 യൂത്ത് ലീഗ് പ്രവർത്തകർ ഈ കേസിൽ റിമാൻഡിലാണ്.
Adjust Story Font
16