Quantcast

ചിത്രകലയിലെ അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 12.21നായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Updated:

    2023-07-07 02:06:53.0

Published:

7 July 2023 1:00 AM GMT

Artist Namboothiri, a unique talent in painting, passed away
X

മലപ്പുറം: മലയാളിയുടെ വായനാനുഭവത്തെ മാറ്റിമറിച്ച അതുല്യ പ്രതിഭ ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച അർധരാത്രി 12.21നായിരുന്നു അന്ത്യം. രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം നടക്കും. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയർത്തിയ നമ്പൂതിരി മലയാളത്തിലുണ്ടായ നിരവധി അതുല്യ സാഹിത്യ സൃഷ്ടികൾക്കാണ് രേഖാ ചിത്രങ്ങൾ ഒരുക്കിയത്. തകഴി, എംടി, ഉറൂബ്, വികെഎൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികൾക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്പൂതിരിയെ ജനപ്രിയനാക്കിയത്. രേഖാചിത്രങ്ങളെന്ന ചിത്രരചനാ സമ്പ്രദായത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയ നമ്പൂതിരി ശിൽപകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

1925 സെപ്റ്റംബ‍ര്‍ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ടു മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് കെ.എം വാസുദേവന്‍ എന്ന ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. കുട്ടികാലത്തു തന്നെ ക്ഷേത്രശിൽപങ്ങളുടെ സ്വാധീനം കൊണ്ട് വരയിലും വാര്‍പ്പിലും തത്പരനായി വാസുദേവൻ നമ്പൂതിരി. കലാസപര്യ പിന്തുടരുന്നതിനായി നമ്പൂതിരി ചെന്നൈയിലേക്ക് പോയി ഗവൺമെന്റ് ഫൈൻ ആ‍‌ര്‍ട്സ് കോളജിൽ ചേര്‍ന്നു. ഫൈൻ ആ‍ര്‍ട്സ് കോളജിൽനിന്ന് ലളിത കലയിലും അപ്ലൈഡ് ആ‍ര്‍ട്സിലുമായി രണ്ട് ഡിപ്ലോമകള്‍ നമ്പൂതിരി നേടി. കെ.സി.എസ് പണിക്കരുടെ ചോളമണ്ഡൽ കലാഗ്രാമത്തിലും നമ്പൂതിരി ഒരു കോഴ്സ് പൂര്‍ത്തിയാക്കി.

1960ൽ മാതൃഭൂമിയിൽ ചേര്‍ന്നു. തുടര്‍ന്നുള്ള രണ്ടുപതിറ്റാണ്ടുകാലം തകഴി, കേശവദേവ്, എം.ടി, ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട്, വി.കെ.എൻ തുടങ്ങിയ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് നമ്പൂതിരി രേഖാചിത്രങ്ങളൊരുക്കി. 1982ല്‍ കലാകൗമുദിയിൽ ചേര്‍ന്ന നമ്പൂതിരി പിന്നീട് മലയാളം വാരികയിലും പ്രവ‍ര്‍ത്തിച്ചു. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയ‍ര്‍മാനായിരുന്നു നമ്പൂതിരി. ജി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിൽ കലാസംവിധാനം നിര്‍വഹിച്ച നമ്പൂതിരിക്ക് 1974ൽ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ലളിതകലാ അക്കാദമി 2001ൽ ആരംഭിച്ച രാജാരവിവ‍‌ര്‍മ പുരസ്കാരം 2003ൽ നേടി.

TAGS :

Next Story