'മേയർ നേരത്തേയും കത്ത് നൽകി'; ആര്യാ രാജേന്ദ്രനെതിരെ കൂടുതൽ തെളിവുകൾ
തന്റെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ നിയമന പട്ടിക നൽകാൻ മുൻപും ആവശ്യപ്പെട്ടതിന്റെ തെളിവുകൾ പുറത്ത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് മുൻപും കത്ത് നൽകിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. എന്നാൽ, തന്റെ പേരിൽ പുറത്ത് വന്ന കത്ത് വ്യാജമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഒന്നാം തീയതി താൻ സ്ഥലത്ത് ഇല്ലായിരുന്നു എന്നും പരാതി നൽകുന്നതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.
പാർട്ടിയുടെ ലിസ്റ്റ് വെച്ച് കേരളത്തിൽ എവിടെയും നിയമനം നടന്നിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. അത്തരത്തിലുള്ള വാദം പ്രതിപക്ഷം പോലും ഇതുവരെ ഉന്നയിച്ചിട്ടില്ല. അങ്ങനൊരു ലിസ്റ്റ് പാർട്ടിക്ക് ലഭിച്ചിട്ടുമില്ല, ആരും കണ്ടിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളിൽ വന്നതിനു ശേഷമാണ് കത്ത് കാണുന്നത്. ഇക്കാര്യത്തിൽ മേയറുമായി സംസാരിക്കും. കത്ത് മേയറയച്ചത് തന്നെയാണോ അതോ വ്യാജമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രൻ അയച്ച കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആനാവൂർ നാഗപ്പൻ.
കോർപ്പറേഷനിലെ താത്കാലിക തസ്തികകളിൽ 295 ഒഴിവുകൾ ഉണ്ടെന്ന് കാട്ടിയാണ് മേയർ ആനാവൂർ നാഗപ്പന് കത്തയച്ചത്. ഈമാസം ഒന്നാം തിയതി അയച്ച കത്തില് 'സഖാവേ' എന്നലഇ അഭിസംബോധന ചെയ്തിരിക്കുന്നത്. ഒഴിവുകളിലേക്കുള്ള മുൻഗണനാ പട്ടിക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും നൽകണമെന്നും കത്തിൽ പറയുന്നു. കത്ത് ചോർന്നത് നഗരസഭ പാർലമെൻററി പാർട്ടി ഓഫീസിൽ നിന്നാണെന്നാണ് സൂചന. പാർലമെൻററി പാർട്ടി സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകും.
Adjust Story Font
16