'കുട്ടിയുടെ ചെരിപ്പും വസ്ത്രവും അസ്‍ഫാക് കാണിച്ചുകൊടുത്തു'; ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി അന്വേഷണസംഘം
മാര്‍ക്കറ്റില്‍ തിരക്കൊഴിഞ്ഞ സമയം നോക്കിയാണ് പൊലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തിയത്. വന്‍ പൊലീസ് സന്നാഹവും കൂടെയുണ്ടായിരുന്നു
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലവുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചിരുന്ന ആലുവ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്താണു പ്രതിയുമായി പൊലീസെത്തിയത്. കുട്ടിയുടെ ചെരിപ്പും വസ്ത്രവും ഉള്‍പ്പെടെ പ്രതി അന്വേഷണസംഘത്തിനു കാണിച്ചുകൊടുത്തതായാണ് വിവരം.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ചെരിപ്പും വസ്ത്രവുമെല്ലാം ഒരു സ്ഥലത്ത് ഉപേക്ഷിച്ചതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പിന് എത്തിയിരുന്നെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇതു പൂര്‍ത്തിയാക്കാനായിരുന്നില്ല. അതിനാല്‍, ഇന്ന് മാര്‍ക്കറ്റില്‍ തിരക്കൊഴിഞ്ഞ സമയം നോക്കിയാണ് പൊലീസ് പ്രതിയുമായി സംഭവസ്ഥലത്തെത്തിയത്. വന്‍ പൊലീസ് സന്നാഹവും കൂടെയുണ്ടായിരുന്നു. എന്നാല്‍, തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുംവഴി വീണ്ടും ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്.
പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം, കുറ്റകൃത്യത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ചോദ്യം ചെയ്യലാണ് തുടരുന്നത്. പ്രതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷമാകും ബിഹാർ, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കുക.
Summary: In the case of rape and murder of a five-year-old girl in Aluva, the investigation team took evidence with the accused Asfak Alam
Adjust Story Font
16