Quantcast

ആശമാർക്ക് അധികവേതനം നൽകാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം സർക്കാറിന് തടയാനാകില്ല

തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് വിനിയോഗത്തിന് സർക്കാറിന്റെ അനുമതി ആവശ്യമില്ല

MediaOne Logo

Web Desk

  • Updated:

    30 March 2025 8:11 AM

Published:

30 March 2025 8:04 AM

ആശമാർക്ക് അധികവേതനം നൽകാനുള്ള  തദ്ദേശ സ്ഥാപനങ്ങളുടെ തീരുമാനം സർക്കാറിന് തടയാനാകില്ല
X

കൊച്ചി: ആശമാർക്ക് അധികവേതനം നൽകുന്നതിൽ സർക്കാറിന് ഇടപെടാനാകില്ലെന്ന് വിദഗ്ധർ. തനതുഫണ്ടിന്റെ വിനിയോഗത്തിന് സർക്കാർ അനുമതി വേണ്ട. ആശമാർക്ക് അധിക വേതനം പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളുടെ നടപടിയോട് സർക്കാരിന് എതിർപ്പുണ്ടെങ്കിലും അത് നിയമവിധേയമാണ്. ഭരണഘടനാ പദവിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ഇത്തരം അധികാരങ്ങള്‍ സർക്കാറിന് മറികടക്കാനാവില്ല.

ആശവര്‍ക്കര്‍മാര്‍ക്ക് യുഡിഎഫും ബിജെപിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ച അധിക സഹായം തട്ടിപ്പാണെന്നായിരുന്നു തദ്ദേശ മന്ത്രി എം.ബി രാജേഷ് കഴിഞ്ഞദിവസം പറഞ്ഞത്.22 തദ്ദേശസ്ഥാപനങ്ങള്‍ ആശമാർക്ക് അധിക വേതനം നിശ്ചയിച്ച തീരുമാനം പ്രായോഗികമല്ലെന്ന് ഒഴുക്കന്‍ മട്ടിലാണ് വകുപ്പ് മന്ത്രി പ്രതികരിച്ചത്. മന്ത്രിയുടെ നിലപാട് തള്ളിയാണ് ആശമാർക്ക് ഓണറേറിയം കൂട്ടാൻ നിർദേശിച്ച് കോണ്‍ഗ്രസ് സർക്കുലർ ഇറക്കിയത്.കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കാണ് കെപിസിസി അധ്യക്ഷൻ സർക്കുലർ നൽകിയത്.

ഭരണഘടനാ പ്രകാരം സ്വയംഭരണ പദവിയുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിപുലമായ അധികാരങ്ങളുണ്ട്. പ്ലാന്‍ ഫണ്ട് ഉപയോഗത്തിന് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട് വിനിയോഗത്തിന് സർക്കാറിന്റെ അനുമതി ആവശ്യമില്ല. പഞ്ചായത്ത് ഭരണസമിതിയോ നഗരസഭാ കൗണ്‍സിലോ തീരുമാനിക്കുന്ന മുറക്ക് സ്വതന്ത്രമായി ഫണ്ട് വിനിയോഗിക്കാം.ഇതില്‍ സംസ്ഥാന സർക്കാറിന് ഇടപെടാനാവില്ല. അതുകൊണ്ട് തന്നെ ആശമാർക്ക് അധികമായി നിശ്ചയിച്ച വേതനം വിനിയോഗിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തടസ്സങ്ങളേതുമില്ലെന്ന് വിദഗ്ധർ പറയുന്നു.

തദ്ദേശസ്ഥാപനങ്ങളെ ഈ തീരുമാനത്തില്‍ നിന്ന് തടയണമെങ്കില്‍ സര്‍ക്കാറിന് പഞ്ചായത്തി രാജ് - മുനിസിപ്പല്‍ ആക്ടില്‍ ഭേദഗതി വരുത്തി ഓർഡിനന്‍സ് ഇറക്കേണ്ടിവരും. രാഷ്ട്രീയ പ്രത്യാഘാതമുണ്ടാക്കുന്ന അത്തരമൊരു നടപടിക്ക് സർക്കാർ മുതിരുമെന്ന് കരുതാനാകില്ല. നേരത്തേ നവകേരള സദസ്സിനായി തദ്ദേശ സ്ഥാപനങ്ങള്‍ അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം വരെ ചെലവഴിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.അത്തരമൊരു ഉത്തരവിറക്കാന്‍ സർക്കാറിന് അധികാരമില്ലെന്നായിരുന്നു കോടതി ഉത്തരവ്.


TAGS :

Next Story