ലോറൻസിന്റെ സഹോദരനും മെഡിക്കൽ കോളജിനുമെതിരെ പരാതി നൽകി ആശ ലോറൻസ്
കമ്മിറ്റിക്ക് മുമ്പാകെ സജീവൻ തെറ്റായ വിവരങ്ങൾ നൽകിയെന്നും ഇതിന് അഡ്വൈസറി കമ്മിറ്റി ഒത്താശ ചെയ്തെന്നും പരാതിയിൽ
കൊച്ചി: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എം.എം ലോറൻസിന്റെ സഹോദരൻ എം.എം സജീവനും കളമശേരി മെഡിക്കൽ കോളജ് പ്രിൻസിപ്പലിനുമെതിരെ ലോറൻസിന്റെ മകൾ ആശാ ലോറൻസ് പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളജ് രൂപീകരിച്ച കമ്മിറ്റിക്ക് മുമ്പാകെ സജീവൻ തെറ്റായ വിവരങ്ങൾ നൽകിയെന്നും ഇതിന് അഡ്വൈസറി കമ്മിറ്റി ഒത്താശ ചെയ്തുവെന്നും ആരോപിച്ചാണ് ആശ പരാതി നൽകിയത്. തന്റെ ഭാഗം കേൾക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ലെന്നും ആശ പരാതിയിൽ ആരോപിക്കുന്നുണ്ട്. അനാട്ടമി ആക്ടിന് വിരുദ്ധമായാണ് കമ്മിറ്റി നിലപാട് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.
ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. വിഷയത്തിൽ നിലപാട് അറിയിക്കാൻ സർക്കാറിനും ഹൈക്കോടതി നിർദേശം നൽകി. മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യങ്ങൾക്ക് വിട്ടുനൽകിയ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ സമീപിച്ചത്. അനാട്ടമി ആക്ട് പ്രകാരം വിഷയത്തിൽ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ മെഡിക്കൽ കോളജ് തീരുമാനം ഏകപക്ഷീയമാണെന്നും, മതാചാരപ്രകാരം സംസ്കരിക്കാൻ മൃതദേഹം വിട്ടുനൽകണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ ആശ വ്യക്തമാക്കി.
അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് ആശക്കെതിരെ ലോറൻസിന്റെ ബന്ധു എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയായിരുന്നോ ആശ അത്തരത്തിൽ പെരുമാറിയതെന്ന് അന്വേഷിക്കണമെന്ന് പരാതിക്കാരനായ അഡ്വ. അരുൺ ആന്റണി പറഞ്ഞു. ഹൈക്കോടതി നിർദേശമുണ്ടായിട്ടും മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെ ആശ എതിർത്തതിനെ തുടർന്ന് പൊതുദർശന ചടങ്ങ് നാടകീയമായിരുന്നു.
Adjust Story Font
16