'വിമോചന സമരക്കാർ എന്ന പരാമർശം വേദനിപ്പിച്ചു'; എം.എ ബേബിക്ക് സമരം ചെയ്യുന്ന ആശമാരുടെ തുറന്ന കത്ത്
ആശമാരുടെ സമരത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് എം.എ ബേബി പറഞ്ഞു.

തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് സമരം ചെയ്യുന്ന ആശമാരുടെ തുറന്ന കത്ത്. വിമോചന സമരക്കാർ എന്ന പരാമർശം വേദനിപ്പിച്ചെന്ന് കത്തിൽ പറയുന്നു. സർക്കാർ അനുഭാവ പൂർവമായ പരിഗണന നൽകിയാൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും സമരം നീട്ടിക്കൊണ്ടുപോകണമെന്ന യാതൊരു കടുംപിടിത്തവും സമരസമിതിക്കില്ലെന്നും സമരസമിതി കത്തിൽ വ്യക്തമാക്കി.
ര'ണ്ട് മാസക്കാലമായി സെക്രട്ടറിയേറ്റിന് മുന്നിൽ തങ്ങൾ അനിശ്ചിതകാല രാപകൽ സമരത്തിലാണ്. അനിശ്ചിതകാല നിരാഹാര സമരം മൂന്നാഴ്ച പിന്നിടുകയാണ്. ഇതുവരെ തങ്ങളുന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ല. ഈ സമരത്തെയും സമരനേതാക്കളേയും ആക്ഷേപിക്കുന്ന നിലപാട് ചില സിഐടിയു നേതാക്കൾ കൈക്കൊണ്ടെങ്കിലും വളരെ സംയമനത്തോടെയാണ് തങ്ങളതിനെ നേരിട്ടത്'.
'എന്നാൽ ഈ സമരത്തിനു പിന്നിൽ വിമോചന സമരക്കാരാണെന്നുള്ള താങ്കളുടെ പരാമർശം വേദനിപ്പിച്ചു. തങ്ങളെ പരസ്യമായി പിന്തുണച്ച 200ലേറെ സംഘടനകളും നിരവധി പ്രമുഖ വ്യക്തികളും ഈ സമരത്തെ സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കാൻ ഉദ്ദേശിക്കുന്നവരല്ല. തങ്ങൾ അത്തരം കാര്യങ്ങൾക്ക് വഴങ്ങുന്നവരുമല്ല'.
'ഇൻസെന്റീവ് വർധനയ്‌ക്കെതിരായി കേന്ദ്രത്തെ സമീപിക്കുകയും പാർലമെന്റ് മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തുകയും ചെയ്തവരാണ് തങ്ങൾ. ഒരു ട്രേഡ് യൂണിയനിലും അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ തൊഴിലാളി സംഘടന സംസ്ഥാനത്തെ മുഴുവൻ ആശാ വർക്കർമാരുടെയും താത്പര്യത്തിനാണ് പൊരുതുന്നത്'.
'ഈ സമരത്തോട് കേരള സർക്കാരും അതിനെ നയിക്കുന്ന പാർട്ടിയും പുലർത്തുന്ന സമീപനം പുനഃപരിശോധിക്കണമെന്ന് അഭ്യർഥിക്കുന്നു. സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അമരക്കാരൻ എന്ന നിലയിൽ തങ്ങളുടെ ഡിമാന്റുകളും വിലയിരുത്തലുകളും അർഹമായ ഗൗരവത്തോടെ പരിഗണിച്ച് ഈ സമരം വിജയകരമായി അവസാനിപ്പിക്കാനുള്ള സത്വരനടപടിയുണ്ടാവണമെന്ന് അഭ്യർഥിക്കുന്നു'- കത്തിൽ പറയുന്നു.
അതേസമയം, ആശമാരുടെ സമരത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് എം.എ ബേബി പറഞ്ഞു. കേന്ദ്ര മന്ത്രിയോട് അവർക്ക് ഒരു പരാതിയും പറയാനില്ല. ആശാ സമരവും സിപിഒമാരുടെ സമരവും തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടിയാകില്ലെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു.
ഒരർഥത്തിൽ പറഞ്ഞാൽ സമരം ചെയ്യുന്ന സഹോദരിമാരോട് നന്ദിയുണ്ട്. യുഡിഎഫ് സർക്കാർ എത്ര രൂപ കൊടുത്തു എന്നും ഇടതുപക്ഷ സർക്കാർ എത്ര രൂപ കൂട്ടിക്കൊടുത്തു എന്നും സമരത്തിലൂടെ പൊതുസമൂഹത്തിന് മുമ്പിൽ മനസിലാക്കാൻ കഴിഞ്ഞെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. ആശമാരുടെ സമരത്തിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയും പ്രതികരിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ സമരം 58 ദിവസം പിന്നിടുകയാണ്.
Adjust Story Font
16