അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമിച്ച സംഭവം: ആരോഗ്യ മന്ത്രിക്ക് പറയാനുള്ളത്
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അഷീലിനെ നിയമിച്ചത്
സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിയമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അഷീല്‍ ആവശ്യപ്പെട്ടതനുസരിച്ചുള്ള മാറ്റമാണെന്നാണ് അറിവെന്ന് വീണ ജോര്‍ജ് പ്രതികരിച്ചു.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അഷീലിനെ നിയമിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വ്വഹിച്ചവരില്‍ പ്രധാന പങ്കുവഹിച്ചിരുന്നത് മുഹമ്മദ് അഷീലായിരുന്നു. സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന് അവസാനിക്കാനിരിക്കെ കഴിഞ്ഞായാഴ്ച്ചയാണ് തല്‍സ്ഥാനത്തുനിന്ന് മാറിയത്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പില്‍ അസിസ്റ്റന്റ് സര്ജന് തസ്തികയില്‍ അഷീല്‍ തിരികെ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് അഷീലിനെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്.
മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന അഷീല്‍ കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് ടെലിവിഷന്‍ ചര്‍ച്ചകളിലും സജീവമായിരുന്നു.
Adjust Story Font
16