Quantcast

അമിത ആത്മവിശ്വാസവും സംഘടന ദൗർബല്യങ്ങളും കോൺഗ്രസിന്‍റെ തോൽവിക്ക് കാരണമായെന്ന് അശോക് ചവാൻ സമിതി

സംഘടന തലത്തിൽ അഴിച്ചു പണി അനിവാര്യമാണെന്നും ഹൈക്കമാന്‍റിന് സമർപ്പിച്ച റിപ്പോർട്ടിൽ സമിതി ചൂണ്ടിക്കാട്ടി. പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നീക്കവും ഹൈക്കമാന്‍റ് ഊർജിതമാക്കി

MediaOne Logo

Web Desk

  • Updated:

    2021-06-02 14:56:19.0

Published:

2 Jun 2021 2:54 PM GMT

അമിത ആത്മവിശ്വാസവും സംഘടന ദൗർബല്യങ്ങളും കോൺഗ്രസിന്‍റെ തോൽവിക്ക് കാരണമായെന്ന് അശോക് ചവാൻ സമിതി
X

നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ തോൽവിക്ക് കാരണം അമിത ആത്മവിശ്വാസവും സംഘടന ദൗർബല്യങ്ങളുമെന്ന് അശോക് ചവാൻ സമിതി. ഗ്രൂപ്പുകൾ ദോഷം ചെയ്തു. സംഘടന തലത്തിൽ അഴിച്ചു പണി അനിവാര്യമാണെന്നും ഹൈകമാന്‍റിന് സമർപ്പിച്ച റിപ്പോർട്ടിൽ സമിതി ചൂണ്ടിക്കാട്ടി. പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നീക്കം ഹൈക്കമാന്‍റ് ഊർജിതമാക്കി. ഇക്കാര്യത്തിൽ സമവായമുണ്ടാക്കാനായി കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തും.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുതര വീഴ്ചകൾ കെ.പി.സി.സി നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിയെന്ന വിമർശനത്തോടെയാണ് തോൽവി പഠിക്കാൻ കോൺഗ്രസ് ഹൈക്കമാന്‍റ് നിയോഗിച്ച അശോക് ചവാൻ അധ്യക്ഷനായ അഞ്ചംഗ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചത്.

പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ പ്രകടനവും അഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും അമിത ആത്മവിശ്വാസത്തിനിടയാക്കി. ബൂത്തുകളിലിരിക്കാൻ പോലും പ്രവർത്തകരില്ലാത്ത സംഘടന ദൗർബല്യങ്ങളും തോൽവിക്ക് കാരണമായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതിയായ പിന്തുണ ഉറപ്പിക്കാനായില്ല.

പിണറായി വിജയന്‍റെ ജനപിന്തുണ മനസിലാക്കിയില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിച്ച് നേട്ടമുണ്ടാക്കാനായില്ല. കൂട്ടായ തിരുമാനങ്ങൾ ഇല്ലാതിരുന്നതും ഗ്രൂപ്പ് തിരിഞ്ഞുള്ള നേതാക്കളുടേയും പ്രവർത്തകരുടേയും അനൈക്യവും തോൽവിക്ക് കാരണമായി.

ഈ സാഹചര്യത്തിൽ സംഘടന തലത്തിൽ അഴിച്ചുപണി അനിവാര്യമാണെന്നും സമിതി വിലയിരുത്തുന്നു. അശോക് ചവാൻ സമിതി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാനുള്ള നീക്കം ഹൈകമാന്‍റ് ഊർജിതമാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് സമ്മർദ്ദങ്ങൾ തള്ളിക്കളഞ്ഞ് കെ.സുധാകരനെ അധ്യക്ഷനാക്കുമെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇതിന് സമവായശ്രമങ്ങൾ ആവശ്യമാണ്. അതിനായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടുത്തയാഴ്ച കേരളത്തിലെത്തും. ഈ മാസം 15 ഓടെ മാത്രമേ പുതിയ അധ്യക്ഷൻ ഉണ്ടാകൂവെന്നാണ് ലഭിക്കുന്ന സൂചന. യുവാക്കളടക്കം പുതുമുഖങ്ങളെ സംഘടന ചുമതലകളിലേക്ക് കൊണ്ടുവരാനാണ് ഹൈകമാന്‍റ് ആലോചന.

TAGS :

Next Story