ജോലി ശരിയായത് മൂന്നാമത്തെ വിസിറ്റിങ് വിസയിൽ; എത്തി മൂന്നാം ദിവസം മരണം-കുറിപ്പ് പങ്കുവെച്ച് അഷ്‌റഫ് താമരശ്ശേരി
'രണ്ടാമത്തെ വിസിറ്റിങ് വിസയുടെ കാലാവധി തീരാറായപ്പോഴാണ് ജോലി സാധ്യത ഒത്തുവന്നത്. ജോലിക്കായി മൂന്നാമതൊരു വിസിറ്റിങ് വിസ കൂടി എടുക്കേണ്ടിവന്നു'
വിസിറ്റിങ് വിസയിലെത്തി ജോലി കിട്ടിയതിന്റെ മൂന്നാം ദിവസം മരിച്ച യുവാവിനെക്കുറിച്ച് അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ്. രണ്ടാമത്തെ വിസിറ്റിങ് വിസയുടെ കാലാവധി തീരാറായപ്പോഴാണ് ജോലി സാധ്യത ഒത്തുവന്നത്. ജോലിക്കായി മൂന്നാമതൊരു വിസിറ്റിങ് വിസ കൂടി എടുക്കേണ്ടിവന്നു. ഏറെ പ്രതീക്ഷകളോടെ എത്തിയതിന്റെ മൂന്നാം ദിവസമായിരുന്നു യുവാവിന്റെ മരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. ജീവിതോപാധി തേടി പ്രവാസ ലോകത്ത് എത്തിയ ഒരു പാവം മനുഷ്യന്‍. രണ്ട് തവണ വിസിറ്റ് വിസയില്‍ വന്നിട്ടും ജോലിയാകാതെ ഏറെ വിഷമിച്ചിരിക്കുകയായിരുന്നു. രണ്ടാമത്തെ വിസിറ്റ് വിസ തീരാനിരിക്കെയാണ് ഒരു ജോലി സാധ്യത ഒത്തുവന്നത്. മൂന്നാമതൊരു വിസിറ്റ് വിസ കൂടി എടുക്കേണ്ടി വന്നു ആ ജോലിക്ക്. ഏറെ പ്രതീക്ഷകളോടെ ജോലിക്കായി മൂന്നാമത്തെ വിസിറ്റ് എടുത്ത് വന്നിറങ്ങിയ മൂന്നിന്‍റെ അന്ന് മരണം അദ്ദേഹത്തെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
ആശങ്കകളും പ്രതീക്ഷകളും ഇല്ലാത്ത മറ്റൊരു ലോകത്തേക്ക്. അലാറം വിളിച്ചുണര്‍ത്താത്ത ഉറക്കത്തിന്‍റെ ലോകത്തേക്ക്. ഒരുപാട് പ്രതീക്ഷകളും കാത്തിരിപ്പുകളും മാത്രം ബാക്കിയായി. പ്രാര്‍ത്ഥനകളാല്‍ കാത്തിരിക്കുന്ന രക്ഷിതാക്കളെ വിട്ട്, അങ്ങേ തലക്കല്‍ ഒരു വിളി കാത്തിരിക്കുന്ന പ്രിയതമയെ ബാക്കിയാക്കി... അത്തറ് മണക്കുന്ന പുത്തനുടുപ്പും കളിപ്പാട്ടങ്ങളും പ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ ബാക്കിയാക്കി അയാള്‍ യാത്രയായി. ഇനി അയാള്‍ തന്‍റെ പ്രിയപ്പെട്ട വീട്ടുമുറ്റത്ത് ചെന്ന് കയറുന്നത് വെള്ള പുതച്ച് നിശ്ചലനായി മാത്രം. ആലോചിക്കാന്‍ പോലുമാകാത്ത അവസ്ഥ.....ഈ സാഹചര്യം നമുക്കാര്‍ക്കും വരാതിരിക്കട്ടെ............ദൈവം തമ്പുരാന്‍ ഇത്തരം അവസ്ഥകളെ തൊട്ട് നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടെ..... നമ്മില്‍ നിന്നും പിരിഞ്ഞു പോയ പ്രിയ സഹോദരന്മാര്‍ക്ക് നന്മകള്‍ ഉണ്ടാകട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. നമ്മള്‍ ഏവരുടെയും പ്രാര്‍ഥനകള്‍ ഉണ്ടായിരിക്കണം..............
Adjust Story Font
16