ആ നിരയിലേക്ക് ആസിഫ് അലിയും, ഗോള്‍ഡന്‍ വിസ സ്വീകരിച്ച് താരം
ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫ് അലി കുടുംബത്തോടൊപ്പമെത്തി വിസ ഏറ്റുവാങ്ങി.
യുഎഇ ഗോള്‍ഡന്‍ വിസ നേടുന്ന മലയാള സിനിമ താരങ്ങളുടെ പട്ടികയില്‍ നടന്‍ ആസിഫ് അലിയും. ദുബൈ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആസിഫ് അലി കുടുംബത്തോടൊപ്പമെത്തി വിസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ടാവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവര്‍ക്കാണ് ഇതിനുമുന്‍പ് ഗോള്‍ഡന്‍ വിസ നല്‍കിയത്. എമിറേറ്റ്‌സ് ഫസ്റ്റ് ബിസിനസ് സര്‍വീസാണ് ആസിഫ് അലിയുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
''അംഗീകരത്തിന് നന്ദിയുണ്ട്. നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളിക്ക് രണ്ടാം വീടാണ് ദുബൈ. ഞങ്ങളെപ്പോലുളള കലാകാരന്‍മാരുടെ അധ്വാനത്തെയും കഴിവിനെയും എക്കാലത്തും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമിനും ഈ രാജ്യത്തിന്റെ മറ്റു നേതാക്കള്‍ക്കും നന്ദി. ഇതൊരു വലിയ പ്രചോദനമാണ്. ഈ രാജ്യം അഭിവൃദ്ധിപ്പെട്ടതിന്റെ രീതി എന്നില്‍ എപ്പോഴും ബഹുമാനം ഉണ്ടാക്കിയിരുന്നു. യുഎഇയുമായി ഞാന്‍ ഇപ്പോള്‍ കൂടുതല്‍ അടുത്തതുപോലെ'' ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്ന ചിത്രത്തോടപ്പം ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കലാരംഗത്തെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍ക്കും പഠന മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ വിവിധ മേഖലയില്‍ ശ്രദ്ധേയരായവര്‍ക്കാണ് യുഎഇ ദീര്‍ഘകാലതാമസവിസയായ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
Adjust Story Font
16