ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
സി.പി.എം നേരിട്ട് നടത്തിയ കൊലപാതകം എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
ആലപ്പുഴ: ഐ.എൻ.ടി.യു.സി നേതാവ് സത്യന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന് കോൺഗ്രസ്. ആലപ്പുഴ ഡി.സി.സി അധ്യക്ഷൻ ബാബു പ്രസാദ് ഡി.ജി.പിക്ക് പരാതി നൽകി. സി.പി.എം നേരിട്ട് നടത്തിയ കൊലപാതകം എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
സി.പി.എം സംസ്ഥാന സെക്രട്ടറിക്കയച്ച കത്തിലാണ് വിവാദ പരാമർശം. ബിപിൻ സി. ബാബുവിന്റെ വിശദമായ മൊഴിയെടുക്കണമെന്നും യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
2001ലാണ് കരീലക്കുളങ്ങരയിൽ വെച്ച് സത്യൻ കൊല്ലപ്പെട്ടത്. കേസിലെ ഏഴു പ്രതികളെയും തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടിരുന്നു. സത്യന്‍ കൊലക്കേസില്‍ ആറാം പ്രതിയാണ് ബിപിൻ സി. ബാബു. കുടുംബപ്രശ്നങ്ങളെത്തുടർന്ന് പാർട്ടിക്കുള്ളിൽ നടപടിക്ക് വിധേയനായ ബിപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വമാണ് വെളിപ്പെടുത്തലിന് കാരണമായത്.
Adjust Story Font
16