റിദാൻ ബാസിൽ കൊലപാതകം; പ്രതിക്ക് തോക്ക് നൽകിയ യു.പി സ്വദേശി അറസ്റ്റിൽ
കഴിഞ്ഞ മാസം 22 നാണ് എടവണ്ണ സ്വദേശി റിദാൻ ബാസിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്
മലപ്പുറം: എടവണ്ണ റിദാൻ ബാസിൽ കൊലപാതകത്തിൽ പ്രതിക്ക് തോക്ക് നൽകിയ യു.പി സ്വദേശി അറസ്റ്റിൽ. യു.പി ഹാപ്പൂർ സ്വദേശി ഖുർഷിദ് ആലമാണ് അറസ്റ്റിലായത്. പ്രതി ഷാന് പിസ്റ്റളും ,തിരകളും ഒരു ലക്ഷം രൂപ കൈപ്പറ്റിയാണ് ഇയാൾ നൽകിയത്. വിദേശത്ത് ഒരുമിച്ച് ജോലി ചെയ്ത പരിചയത്തിലായിരുന്നു ഇടപാടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 22 നാണ് എടവണ്ണ സ്വദേശി റിദാൻ ബാസിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിയായ എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷാൻ അറസ്റ്റിലായിരുന്നു. എടവണ്ണ ചെമ്പുകുത്ത് മലയുടെ മുകളിലായിരുന്നു റിദാൻ ബാസിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. റിതാൻറെ ശരീരത്തിൽ മൂന്ന് തവണ വെടിയേറ്റതിൻറെ പാടുകളുണ്ട്. നെഞ്ചിനും വയറിനും ഇടയിലാണ് മുറിവേറ്റ പാടുകൾ ഉള്ളത്. ഫോറൻസിക് പരിശോധനയിലാണ് വെടിയേറ്റാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
സുഹൃത്തുക്കളോടൊപ്പം മല മുകളിലേക്ക് പോയ റിദാൻ അവർക്കൊപ്പം തിരിച്ച് വന്നില്ലെന്നും ഒറ്റക്ക് മലമുകളിൽ ഇരുന്നെന്നുമാണ് സുഹൃത്തുക്കളുടെ മൊഴി. റിതാനെ കാണാതായതോടെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Adjust Story Font
16