Quantcast

സർക്കാർ ജീവനക്കാരിക്കെതിരെ കൈയേറ്റശ്രമം: സി.പി.എം നേതാവിനെതിരെ കേസ്

പ്രതിയെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന പരാതിയും ഉയരുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-10-14 04:35:42.0

Published:

14 Oct 2023 2:55 AM GMT

സർക്കാർ ജീവനക്കാരിക്കെതിരെ കൈയേറ്റശ്രമം: സി.പി.എം നേതാവിനെതിരെ കേസ്
X

കൊല്ലം: സർക്കാർ ജീവനക്കാരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സി.പി.എം പ്രാദേശിക നേതാവിനെതിരെ കേസ്. കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പർ ഹാഷിമിനെതിരെയാണ് കേസ്. ബില്ല് മാറാനെത്തിയപ്പോൾ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്തെന്നാണു പരാതി.

സബ് ട്രഷറി ഓഫിസറെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ ഹാഷിം കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയുള്ളത്. ഹാഷിം ബില്ല് മാറാൻ എത്തിയപ്പോൾ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബർ 15നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ഹാഷിമിന്റെ അമ്മയുടെ പേരിലുള്ള ബില്ല് മാറുന്നതിനായാണ് കരുനാഗപ്പള്ളി സബ് ട്രഷറി ഓഫീസിൽ എത്തിയത്.

ബിൽ മാറണമെങ്കിൽ മാതാവ് നേരിട്ട് എത്തുകയോ അനുമതിപത്രം നൽകുകയോ വേണമെന്ന് ട്രഷറി ഉദ്യോഗസ്ഥ പറഞ്ഞു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. ക്ഷുഭിതനായി ഉദ്യോഗസ്ഥയോട് തർക്കിച്ച ഹാഷിം വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണു പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഭീഷണി മുഴക്കിയതായും പരാതിയുണ്ട്.

ഹാഷിമിനെതിരെ ട്രഷറി ഓഫിസർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. വിവരമറിഞ്ഞ പ്രതി കേസ് ഒതുക്കിത്തീർക്കാൻ നീക്കം നടത്തുന്നതായും പരാതിയുണ്ട്. ഹാഷിമിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. സർക്കാർ ജീവനക്കാരിയുടെ പരാതി കിട്ടിയിട്ടും പൊലീസ് കേസെടുക്കാൻ വൈകിയതിനെതിരെ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

സെപ്റ്റംബർ 15നു നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തത് ഈ മാസം ഏഴിനാണ്. ഹാഷിമിനെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന പരാതിയും ഉയരുന്നുണ്ട്. സി.പി.എമ്മിലെ ഒരു വിഭാഗവും ലോക്കൽ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നുവെന്നും ആരോപണമുണ്ട്.

Summary: Case against CPM Karunagappally West local committee member Hashim in assault attempt against women government employee

TAGS :

Next Story