Quantcast

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം; ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട് മുയിപ്പോത്ത് ഷാഫി പറമ്പിലിന്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് യുഡിഎഫ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

MediaOne Logo

Web Desk

  • Updated:

    2024-04-22 12:08:57.0

Published:

22 April 2024 11:51 AM GMT

UDF
X

കോഴിക്കോട്: കോഴിക്കോട് മുയിപ്പോത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഏഴ് യു.ഡി എഫ് പ്രവർത്തകർ അറസ്റ്റിൽ. ഈ മാസം 13 ന് ഷാഫി പറമ്പിൽ പ്രചാരണത്തിന് എത്തുന്നതിന് തൊട്ടു മുൻപായിരുന്നു സംഭവം. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെയുള്ള സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

വടകരയിലെ പ്രചാരണത്തിന്റെ ഭാഗമായി ഷാഫി പറമ്പിൽ മുയിപ്പോത്ത് ടൗണിൽ എത്തുന്നതിന്റെ ഭാഗമായി പൊതുസ്ഥലത്ത് കൊടിതോരണങ്ങളും പ്രചാരണ ബോർഡുകളും അടക്കം സ്ഥാപിച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ഉഗ്യോഗസ്ഥരെത്തി ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി.

സംഭവത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്വമേധയാ പരാതി നൽകിയിരുന്നില്ല. എന്നാൽ, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വരണാധികാരി കൂടിയായിരുന്ന ജില്ലാ കളക്ടർ നേരിട്ട് ഇടപെടുകയും കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയുമായിരുന്നു. തുടർന്ന് എട്ട് യുഡിഎഫ് പ്രവർത്തകരെ പ്രതിചേർത്ത് മേപ്പയ്യൂർ പോലീസ് കേസെടുക്കുകയും ചെയ്തു.

ഏഴ് യുഡിഎഫ് പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി കീഴടങ്ങുകയായിരുന്നു. ഒരാൾ കൂടി പിടിയിലാകാനുണ്ട്. ആക്രമിക്കണമെന്ന ഉദ്ദേശത്തോടെ സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story