പൊലീസിന്‍റെ അനാസ്ഥ; ആലുവയില്‍ ഗര്‍ഭിണിയെയും പിതാവിനെയും മര്‍ദിച്ച പ്രതികള്‍ ഒളിവില്‍
മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷമാണ് പൊലീസിന് സംഭവത്തിന്റെ ഗൗരവം മനസിലായതും മൊഴിയെടുക്കാൻ തയ്യാറായതെന്നും അന്‍വര്‍ സാദത്ത് എം.എൽ.എ
ആലുവയിൽ ഗർഭിണിയെയും പിതാവിനെയും മർദിച്ച സംഭവത്തിൽ പ്രതികൾ ഒളിവിൽ. പ്രതികൾക്ക് ഒളിവിൽ പോകാൻ സാഹര്യമൊരുക്കിയത് പൊലീസാണെന്ന് അൻവർ സാദത്ത് എം.എൽ.എ വിമർശിച്ചു. വിഷയം മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ശ്രദ്ധയിൽപ്പെടുത്തും. സർക്കാറിന്റെ പഞ്ച് ഡയലോഗല്ല, നടപടിയാണ് ആവശ്യമെന്നും എം.എൽ.എ പറഞ്ഞു.
മർദനമേറ്റ ശേഷം യുവതിയും പിതാവും പൊലീസ് സ്റ്റേഷനിൽ പോയി പരാതി ബോധിപ്പിച്ചിരുന്നതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. എന്നാൽ അവരോട് ആശുപത്രിയിൽ പോവാൻ പറയുകയാണുണ്ടായത്. പിന്നീട് ആശുപത്രിയിൽ എത്തി ഇരുവരെയും കുറിച്ച് യാതൊന്നും പൊലീസ് അന്വേഷിച്ചില്ല. രാത്രി വൈകി മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് പൊലീസിന് സംഭവത്തിന്റെ ഗൗരവം മനസിലായതും മൊഴിയെടുക്കാൻ തയ്യാറായതെന്നും എം.എൽ.എ മീഡിയവണിനോട് പറഞ്ഞു.
കൊല്ലത്തെ വിസ്മയയുടെ മരണത്തിന് പിന്നാലെ, മിസ്ഡ് കോൾ ചെയ്താൽ സ്ത്രീ പീഡനത്തിന് എതിരെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയും പുതിയ ഡി.ജി.പിയും പറഞ്ഞത്. എന്നാൽ സ്റ്റേഷനിൽ പോയി പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. തക്ക സമയത്ത് ഇടപെടാതെ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് പൊലീസാണെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.
Adjust Story Font
16