മാസപ്പടി മുതൽ നവകേരള വരെ പ്രതിപക്ഷ ആയുധം; നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം
കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ ഗവർണർ വായിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രസംഗത്തിലെ കേന്ദ്രത്തിനെതിരായ വിമർശനങ്ങള്‍ ഗവർണർ വായിക്കുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.
തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് നിയമസഭ സമ്മേളനങ്ങള്‍ അതിന്‍റെ പ്രചാരണത്തിന്‍റെ കേളികൊട്ടാറാവുന്നതാണ് പതിവ്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. തെരഞ്ഞെടുപ്പ് ഗോദയില്‍ പുറത്തെടുക്കാനുള്ള അസ്ത്രങ്ങളില്‍ പലതും നിയമസഭയിലിറക്കി മുന്നണികള്‍ വീറും വാശിയും കാട്ടുമെന്ന ഉറപ്പാണ്.
സർക്കാർ ഗവർണർ പോരിന്‍റെ നാളുകളിലൂടെയാണ് കേരളം കടന്ന് പോകുന്നത്. അതിനാല്‍ സമ്മേളനത്തിലെ ഒന്നാം ദിനത്തിലെ നയപ്രഖ്യാപനത്തിലേക്ക് തന്നെയാണ് രാഷ്ട്രീയകേരളത്തിന്‍റെ കണ്ണും കാതും. നയപ്രഖ്യാപനത്തിന് ഗവർണർ നിയമസഭയ്ക്ക് മുന്നില്‍ വന്നിറങ്ങുന്നതാകും അടുത്ത് കാലത്ത് കേരളം കാണാന്‍ പോകുന്ന ഏറ്റവും കൗതുകമുള്ള ദൃശ്യം. അപ്പോഴും മന്ത്രിസഭ പുനഃസംഘടന വേദിയിലേത് പോലെ ഗവർണർ മുഖ്യമന്ത്രിയോട് മുഖം തിരിക്കുമോ എന്നതും കണ്ടറിയണം.
മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഒപ്പിട്ട് തിരിച്ചയച്ചെങ്കിലും അതിലുള്ളതെല്ലാം ഗവർണർ വായിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. കേന്ദ്രസർക്കാരിന് എതിരായ വിമർശനങ്ങള്‍ അടക്കം പ്രസംഗത്തില്‍ സർക്കാർ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നയപ്രഖ്യാപനം കഴിഞ്ഞ് 29 വീണ്ടും സഭ സമ്മേളനം ചേരുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കേരളത്തിലെ കേളികൊട്ടിന് തുടക്കമാകും.
പ്രതിപക്ഷത്തിന് മുന്നില്‍ നിരവധി വിഷയങ്ങളാണുള്ളത്. എക്സാലോജികില്‍ തുടങ്ങി,നവകേരള സദസിനെതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടികള്‍ വരെ നിയമസഭയിൽ കത്തിപ്പടരും. കേന്ദ്രത്തിനെതിരായ സമരത്തില്‍ പ്രതിപക്ഷം വിട്ടുനിൽക്കുന്നതായിരിക്കും സർക്കാരിന്‍റെ പിടിവള്ളി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദം ഭരണപക്ഷത്തിനുള്ള ബോണസാണ്. എന്തായാലും മാർച്ച് 27 വരെ നീണ്ട് നില്‍ക്കുന്ന സമ്മേളനം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നണികളുടെ രാഷ്ട്രീയ പ്രചരണത്തിന്‍റെ തുടക്കമാകും.
Adjust Story Font
16