Quantcast

'വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ'; സവാദിന് സ്വീകരണം കൊടുത്തതിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്

ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജാമ്യം ലഭിച്ച സവാദിനെ മാലയിട്ട് സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    4 Jun 2023 9:23 AM GMT

aswathy sreekanth reacts to welcoming sexual abuse case accused,latest malayalam news,സവാദിന് സ്വീകരണം കൊടുത്തതിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്,
X

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽവെച്ച് നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി സവാദിന് സ്വീകരണം നൽകിയ വിഷയത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജാമ്യം ലഭിച്ച സവാദിനെ മാലയിട്ട് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. വലിയ രീതിയിലുള്ള വിമർശനമാണ് ഇതിനെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്നത്.

സ്വീകരണം കൊടുത്തതിൽ അല്ല, ഓൾ കേരള മെൻസ് അസോസിയേഷൻ എന്നൊക്കെ പറഞ്ഞു വെളിവും ബോധവും ഉള്ള ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടമെന്ന് അശ്വതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സവാദിന് സ്വീകരണം കൊടുത്തതിന്റെ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചായിരുന്നു നടിയുടെ പ്രതികരണം. സംഭവം ലജ്ജാകരമാണെന്ന് പരാതിക്കാരിയും പ്രതികരിച്ചിരുന്നു.

കേരളത്തിലെ സമൂഹവും പുരുഷന്മാരും ഇത്രയും അരോചകമാണ് എന്ന് ആ സംഭവം തെളിയിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഇറങ്ങിവന്ന മനുഷ്യനെപ്പോലെ ആനയിച്ച് മാലയിട്ട് കൊണ്ടുവരാൻ അയാൾ ചെയ്ത മഹദ് കാര്യമെന്താണ് എന്നെനിക്ക് പറഞ്ഞു തരണം.'- മനോരമ ന്യൂസിന് നൽകിയ പ്രതികരണത്തിൽ അവർ ആവശ്യപ്പെട്ടു.

തെറി മൂലം ഇൻസ്റ്റ്ഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷൻ ഓഫാക്കി വെക്കേണ്ടി വന്നെന്നും പരാതിക്കാരി പറഞ്ഞു. '20 ദിവസം എന്നെയും സുഹൃത്തുക്കളെയും മാനസിക വിഷമത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ മൊത്തം തെറിയഭിഷേകം നടത്തി. കമന്റ് സെക്ഷൻ ഓഫ് ചെയ്തു വെക്കേണ്ടി വന്നു. എന്റെ സുഹൃത്തുക്കളെ തെറിവിളിച്ചു. എന്റെ പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഞാൻ ഫോളോ ചെയ്യുന്ന എല്ലാവരെയും തെറി പറഞ്ഞു തുടങ്ങി. പ്രതികരിച്ചതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്നത് ഇതാണ്.'- അവർ കൂട്ടിച്ചേർത്തു.

കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്.

TAGS :

Next Story