ഉമ്മന്‍ചാണ്ടിയെ ആക്രമിച്ച കേസ്: വിചാരണ അന്തിമ ഘട്ടത്തിലേക്ക്
സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളടക്കം 113 പേരാണ് പ്രതിപ്പട്ടികയിലുളളത്.
മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വെച്ച് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ വിചാരണ അന്തിമ ഘട്ടത്തിലേക്ക്. ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ടി സിദ്ദിഖ് എന്നിവരെയും കോടതി ഇന്ന് വിസ്തരിക്കും. മുൻ എം.എൽ.എ സി കൃഷ്ണൻ ഒന്നാം പ്രതിയായ കേസിൽ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളടക്കം 113 പേരാണ് പ്രതിപ്പട്ടികയിലുളളത്.
2013 ഒക്ടോബർ 27ന് കണ്ണൂർ പൊലീസ് മൈതാനിയിൽ സംസ്ഥാന പൊലീസ് മീറ്റിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മൻചാണ്ടിക്കെതിരെ അക്രമമുണ്ടായത്. കല്ലെറിയുകയും വധിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് അക്രമിക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആർ. സംഭവത്തിൽ കോണ്‍ഗ്രസ് നേതാക്കളായ കെ.സി ജോസഫ്, ടി സിദ്ദിഖ് എന്നിവർക്കും പരിക്കേറ്റിരുന്നു. മുൻ എം.എൽ.എമാരായ സി കൃഷ്ണൻ, കെ.കെ നാരായണൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയി കുര്യൻ, എ.കെ ജി സെന്‍റർ ഓഫീസ് സെക്രട്ടറി ബിജു കണ്ടെകൈ എന്നിവരടക്കം 113 പേരാണ് പ്രതിപ്പട്ടികയിലുളളത്.
അന്നത്തെ ടൗൺ എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രധാന സാക്ഷികളായ കേസിൽ 258 പ്രോസിക്യൂഷൻ സാക്ഷികളുമുണ്ട്. ഇതിൽ 27 സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞു. കേസിൽ നേരിട്ട് വിസ്താരത്തിന് ഹാജരാകാൻ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടി അടക്കമുളളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. കണ്ണൂർ അഡി.സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടപടികൾ നടക്കുന്നത്.
Adjust Story Font
16